വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് ; വയോധികനില്നിന്നു തട്ടിയത് 1.19 കോടി; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം
Sunday, August 3, 2025 2:23 AM IST
കൊച്ചി: കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്. മുംബൈ സൈബര്‍ സെല്‍ ഉദ്യോഗസ്ഥന് ചമഞ്ഞ് 77കാരനിൽനിന്ന് 1.19 കോടി രൂപ തട്ടിയെടുത്തു. പത്തു ദിവസം ഇയാളെ കരുതല്‍ തടങ്കലിലാക്കിയശേഷം വിവിധ ദിവസങ്ങളിലായായിരുന്നു തട്ടിപ്പ്. വയോധികന്റെ പരാതിയില്‍ എളമക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്വകാര്യ കൊറിയര്‍ സര്‍വീസ് കമ്പനിയിൽനിന്നാണെന്ന വ്യാജേന കോള്‍ വന്നതോടെയാണ് തട്ടിപ്പിനു തുടക്കം. ഇദ്ദേഹത്തിന്റെ പേരില്‍ മുംബൈയില്‍നിന്നു ബാങ്കോക്കിലേക്ക് അയച്ച കൊറിയറില്‍ എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കള്‍ കണ്ടെത്തിയെന്നും അറസ്റ്റിലേക്കു കാര്യങ്ങള്‍ നീങ്ങുകയാണെന്നും അറിയിച്ചു.
ഇതിനു പിന്നാലെ മുംബൈ സൈബര്‍ സെല്ലില്നിന്നാണെന്ന് അറിയിച്ചു പരാതിക്കാരന് ഫോണ്‍വിളിയെത്തി. സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ വിജയ് പോള്‍ എന്നു പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥന് വെര്‍ച്വല്‍ അറസ്റ്റ് ചെയ്തുവെന്ന് അറിയിക്കുകയും അനുമതിയില്ലാതെ കോള്‍ കട്ടാക്കാനോ മറ്റാരുമായും ബന്ധപ്പെടാനോ പാടില്ലെന്നും ഭീഷണിപ്പെടുത്തി. ഇതിനൊപ്പം ചോദ്യംചെയ്യലും തുടങ്ങി.
സ്ഥലം വില്പനയിലൂടെ കഴിഞ്ഞ 20ന് പരാതിക്കാരന്റെ അക്കൗണ്ടിലെത്തിയ 60 ലക്ഷം രൂപയെക്കുറിച്ചായിരുന്നു ചോദ്യം. സ്ഥലക്കച്ചവടത്തിലൂടെ ലഭിച്ചതാണെന്ന് അറിയിച്ചെങ്കിലും പണം പരിശോധനയ്ക്കായി കൈമാറണമെന്നും നടപടിക്കുശേഷം തിരികെ നല്‍കുമെന്നും അറിയിച്ചു. സൈബര്‍ പോലീസാണെന്നു വിശ്വസിച്ച പരാതിക്കാരന് ഘട്ടംഘട്ടമായി 1.19 കോടി രൂപ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട അക്കൗണ്ടിലേക്കു കൈമാറി.
സഹോദരനോടടക്കം പണം വാങ്ങിയാണ് ഇയാള്‍ തട്ടിപ്പുകാര്‍ക്ക് അയച്ചു നല്‍കിയത്. ആവശ്യം ചോദിച്ചെങ്കിലും സഹോദരനോടു കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല. സംശയം തോന്നിയ ഇയാള്‍ മകനെ പരാതിക്കാരന്റെ വീട്ടിലേക്ക് അയച്ചെങ്കിലും അകത്തു കയറാന്‍ വയോധികൻ അനുവദിച്ചില്ല.
ബലം പ്രയോഗിച്ച് അകത്തു കടന്നതോടെയാണ് വെര്‍ച്വല്‍ അറസ്റ്റിന്റെ കാര്യം പുറത്തായത്. ഈ സമയം തട്ടിപ്പുകാര്‍ വീഡിയോ കോളില്‍ തത്സമയമുണ്ടായിരുന്നു. സഹോദരന്റെ മകനെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.
കേസില്പ്പെടുത്തിക്കൊള്ളാൻ പറഞ്ഞതോടെ തട്ടിപ്പുസംഘം കോള്‍ കട്ട് ചെയ്തു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണു പരാതിക്കാരന് പോലീസിനെ സമീപിച്ചത്. തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പോലീസ് പറയുന്നത്. പണം വീണ്ടെടുക്കാനുളള ശ്രമം തുടരുകയാണ്.