കന്യാസ്ത്രീകളുടെ ജയിൽമോചനം കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലം: മാർ ജോസഫ് പാംപ്ലാനി
Sunday, August 3, 2025 2:26 AM IST
തലശേരി: കള്ളക്കേസിൽ കുടുക്കി അന്യായമായി ജയിലിലടച്ച കന്യാസ്ത്രീമാരുടെ മോചനത്തിന് മതേതര ഭാരതത്തിന്റെ മനഃസാക്ഷി ശബ്ദിച്ചതാണു കേന്ദ്രസർക്കാരിനെ ഈ വിഷയത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചതെന്നും കേന്ദ്രസർക്കാരിന്റെയും എല്ലാ രാഷ്ട്രീയകക്ഷികളുടെയും സമയോചിത ഇടപെടൽ മോചനം സാധ്യമാക്കിയെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കുന്നതും നിയമസംവിധാനങ്ങൾ കൈയിലെടുത്ത് പൗരാവകാശങ്ങൾ ലംഘിക്കുന്ന സംഘടനകളെയും പ്രസ്ഥാനങ്ങളെയും നിലയ്ക്കുനിർത്താൻ സർക്കാർ ജാഗ്രത കാണിക്കുകയും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
കന്യാസ്ത്രീമാർക്കതിരേ ചുമത്തപ്പെട്ടിരിക്കുന്ന കള്ളക്കേസുകൾ പിൻവലിക്കണമെന്നും ന്യൂനപക്ഷ സമൂഹങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാർ പാംപ്ലാനി ആവശ്യപ്പെട്ടു. കന്യാസ്ത്രീമാരുടെ മോചനത്തിൽ എല്ലാ രാഷ്ട്രീയനേതാക്കളും തങ്ങളുടെ പങ്ക് കൃത്യമായി നിർവഹിച്ചുവെന്നും ആർച്ച്ബിഷപ് പ്രസ്താവനയിൽ പറഞ്ഞു.
വൈകിയാണെങ്കിലും കന്യാസ്ത്രീകൾക്കു നീതി ലഭിച്ചുവെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പറഞ്ഞ വാക്ക് പാലിച്ചെന്നും മാർ ജോസഫ് പാംപ്ലാനി ധർമശാലയിൽ മാധ്യമപ്രവർത്തരോടു പറഞ്ഞു. കേസ് പിൻവലിക്കാനുള്ള നടപടിക്രമങ്ങൾകൂടി സർക്കാർ ശ്രദ്ധാപൂർവം നിറവേറ്റണം. രാഷ്ട്രീയമാനങ്ങളെ സഭ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.