പീഡനപരാതി: വേടൻ ഒളിവിൽ; വ്യാപക തെരച്ചിലുമായി പോലീസ്
Sunday, August 3, 2025 2:23 AM IST
കൊച്ചി: ലൈംഗികപീഡന പരാതിയിൽ പ്രതിചേർക്കപ്പെട്ടതിനു പിന്നാലെ റാപ്പർ വേടൻ എന്നറിയപ്പെടുന്ന തൃശൂർ സ്വദേശി ഹിരൺദാസ് മുരളി ഒളിവിൽ പോയി. വേടന്റെ തൃശൂരിലെ വീട്ടിൽ പോലീസ് ഇന്നലെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതോടെ ഇയാൾക്കായി പോലീസ് തെരച്ചിൽ വ്യാപകമാക്കി. വേടന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പോലീസ് ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ പരമാവധി തെളിവുകൾ ശേഖരിച്ചശേഷം വേടനെ അറസ്റ്റ് ചെയ്യാനാണു പോലീസിന്റെ നീക്കം.
വേടനും പരാതിക്കാരിയും തമ്മിലുള്ള ബന്ധം വേടന്റെ സുഹൃത്തുക്കൾക്ക് അറിയാമായിരുന്നതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും ചില സുഹൃത്തുക്കളുടെ പേരുവിവരങ്ങളും ഇതിൽ സൂചിപ്പിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെയും ചോദ്യം ചെയ്യാനാണു പോലീസിന്റെ നീക്കം.
2021 മുതല്‍ ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി.
2019ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ചെയ്യുന്ന സമയത്താണു യുവതി വേടനുമായി പരിചയത്തിലാകുന്നത്. വേടന്റെ പാട്ടുകളും അഭിമുഖങ്ങളും കണ്ട് ആകൃഷ്ടയായി ഇന്‍സ്റ്റഗ്രാമിലൂടെയാണു സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വേടന് അറിയിച്ചിരുന്നു. ഇതുപ്രകാരം മുന്നോട്ടു പോകുന്നതിനിടെയാണ് പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചത്.
വിവാഹത്തില്‍നിന്നു വേടന് പിന്മാറിയതോടെ താന്‍ വിഷാദരോഗത്തിന് അടിമയായെന്നും ചികിത്സ തേടേണ്ട സാഹചര്യമുണ്ടായെന്നും യുവതി പരാതിയില്‍ പറയുന്നു.