കെഎസ്ആർടിസി വാതിൽപ്പടി കൊറിയർ സേവനം തുടങ്ങും
Sunday, August 3, 2025 2:23 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് ഇനി സ്വകാര്യ സ്ഥാപനം നടത്തും. ആന്ധ്രപ്രദേശ് ആസ്ഥാനമായ സിംഗു സൊലൂഷൻസ് എന്ന സ്ഥാപനമാണ് കെഎസ്ആർടിസിയുമായി കരാറിലെത്തിയത്.
15 മുതൽ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്നത് സിംഗു സൊലൂഷൻസ് ആയിരിക്കും. നാല് മാസത്തിനകം വാതിൽപ്പടി സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
കരാർ അടിസ്ഥാനത്തിൽ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് നടത്താന്‍ ടെൻഡർ ക്ഷണിച്ച് കെഎസ്ആർടിസി നോട്ടീസ് പ്രസിദ്ധീകരിച്ചത് കഴിഞ്ഞ മാർച്ചിലായിരുന്നു.
മുതൽമുടക്കില്ലാതെ വലിയ ലാഭത്തിൽ പ്രവർത്തിക്കുന്ന ജനപ്രിയ പദ്ധതിയാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ്. കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം നേടുന്നതിനായി നടപ്പിലാക്കിയതാണ് പദ്ധതി.
കുറഞ്ഞ കാലയളവിൽ തന്നെ സംവിധാനത്തെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായത്. പദ്ധതിയിൽനിന്ന് വൻ സാമ്പത്തിക ലാഭവുമുണ്ടെന്നാണ് കെഎസ്ആർടിസി പറയുന്നത്.
ലോജിസ്റ്റിക്സ് സംവിധാനം വിപുലപ്പെടുത്തുന്നതിനാണ് പുറംകരാർ നൽകിയത്.