സാനുമാഷ് എന്ന മഹാഗുരുനാഥന്
Sunday, August 3, 2025 2:24 AM IST
കൊച്ചി: ഒരു കാലഘട്ടമൊന്നാകെ ഗുരുനാഥനായി ഏറ്റെടുത്ത പ്രതിഭാസത്തിന്റെ പേരായിരുന്നു സാനുമാഷ്. പല തലമുറകള്‍ ഏറ്റുവാങ്ങിയ സ്നേഹവും വാത്സല്യവും കരുതലുമൊക്കെ ഇന്നൊരു നാടു മുഴുവന്‍ ആ ഒരൊറ്റ വിളിയില്‍ തിരികെ നല്കി.
അതില്‍ രാഷ്ട്രീയക്കാരുണ്ട്, സിനിമ, സാഹിത്യ മേഖലകളിലുള്ളവരും സാംസ്കാരിക നായകന്മാരും അധ്യാപകരുമുണ്ട്. അങ്ങനെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവുമായി ശിഷ്യഗണങ്ങളുടെ ഒരു മഹാസാഗരം തന്നെയുണ്ടായിരുന്നു സാനുമാഷ് എന്ന ആ ഒരൊറ്റ വിളിപ്പേരിനു ചുറ്റും.
നിരവധി തലമുറകളുടെ ജീവിതവഴികളില്‍ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ പ്രകാശഗോപുരമായിരുന്നു സാനുമാഷ്. വലിയ ശിഷ്യസമ്പത്തിന് ഉടമ. അതില്‍ എ.കെ.ആന്റണി മുതല്‍ മമ്മൂട്ടി വരെയുണ്ട്. വയലാര്‍ രവിയും കെ.പി. അപ്പനുമുണ്ട്. വിജയലക്ഷ്മി, എ.എസ്. പ്രിയ, ഗ്രേസി എന്നിങ്ങനെ നീളുന്നു സനുമാഷിന്റെ ശിഷ്യഗണങ്ങളുടെ പട്ടിക.
ഓര്‍മകള്‍ പുതുക്കാനെന്നവണ്ണം മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മ ഇടയ്ക്കിടെ ക്ലാസ് മുറികളില്‍ ഒത്തുകൂടുമ്പോള്‍ തങ്ങളുടെ പ്രിയ അധ്യാപകനായി സാനുമാഷിനെ കൊണ്ടുവരും. ആശാനും ചങ്ങമ്പുഴയും കാളിദാസനും കഥാര്‍സിസും പ്ലേറ്റോയും അരിസ്റ്റോട്ടിലുമൊക്കെ ആ പതിഞ്ഞ ശബ്ദത്തില്‍ പുനര്‍ജനിക്കും. ജനുവരിയിലും പ്രഫ. സാനു മഹാരാജാസില്‍ ക്ലാസെടുത്തിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്നു ഒന്നാം റാങ്കോടെ മലയാളത്തില്‍ എംഎ ബിരുദം നേടിയ എം.കെ. സാനു നാലു വര്‍ഷത്തോളം സ്കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് കോളജ് അധ്യാപകനായി. കൊല്ലം ശ്രീനാരായണ കോളജ്, തലശേരി ബ്രണ്ണന്‍ കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
മഹാരാജാസ് കോളജില്‍ അധ്യാപകനായെത്തിയപ്പോള്‍ മനസ് ശാന്തമായെന്നാണ് സാനുമാഷ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യമൊക്കെ രണ്ടു ക്ലാസുകളൊക്കെ ഒരേസമയം കൈകാര്യം ചെയ്തിരുന്നു.
എറണാകുളം അന്ന് ഗ്രാമമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറും പി.കെ. ബാലകൃഷ്ണനും പോഞ്ഞിക്കര റാഫിയുമൊക്കെയായി സായാഹ്ന സാഹിത്യ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതൊക്കെ അഭിമാനത്തോടെയാണു സാനുമാഷ് ഓര്‍ത്തിരുന്നത്.
ആരു വിളിച്ചാലും പ്രസംഗിക്കാന്‍ പോകും. ആരോടും മറുത്ത് പറയുന്ന സ്വഭാവം സാനുമാഷിന് അന്നേ ഉണ്ടായിരുന്നില്ല. ശാരീരിക അവശതകളില്‍ പോലും മഹാരാജാസിലെ സുപ്രധാന പരിപാടികളിലെല്ലാം മാഷിന്റെ സാന്നിധ്യമുണ്ടായിരുന്നു.