വയോധിക കൊല്ലപ്പെട്ട സംഭവം: അയൽവാസി ബംഗളൂരുവിൽ അറസ്റ്റിൽ
Sunday, August 3, 2025 2:23 AM IST
പെരുമ്പാവൂർ: വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ അയൽവാസിയായ യുവാവിനെ ബംഗളൂരുവിൽനിന്ന് പിടികൂടി. ചേരാനല്ലൂർ തോട്ടുവ നെല്ലിപ്പിള്ളി അദ്വൈത് ഷിബു (24)നെയാണു പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ 29ന് രാത്രിയോടെയാണ് തോട്ടുവ മനയ്ക്കപ്പടി ഔസേഫിന്റെ ഭാര്യ അന്ന (85)ത്തെ സമീപത്തെ തോട്ടത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.തലയ്ക്കു പരിക്കേറ്റ് രക്തം വാർന്നനിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ മുഖത്തും കൈക്കും മുറിവുകളുമുണ്ടായിരുന്നു.
അന്നത്തിന്റെ രണ്ടു വളകളും കാതിൽ കമ്മലിന്റെ അടിയൊഴികെയുള്ള ഭാഗങ്ങളും നഷ്ടപ്പെട്ടിരുന്നു. സംഭവസ്ഥലത്തു മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടതോടെ പോലീസ് കൊലപാതകമെന്ന് ഉറപ്പിക്കുകയായിരുന്നു.
അന്നം ശ്വാസം മുട്ടിയാണു മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമായതോടെ സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 40ഓളം പേരെ അന്വേഷണസംഘം ചോദ്യംചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരു ബൊമ്മനഹള്ളിയിൽനിന്നു പ്രതിയെ പിടികൂടിയത്. അമ്മയെ വഴക്കു പറഞ്ഞതിലുള്ള വൈരാഗ്യവും സാമ്പത്തിക ബുദ്ധിമുട്ടുമാണ് കൊലയിലേക്കു നയിച്ചതെന്ന് യുവാവ് സമ്മതിച്ചതായി പോലീസ് പറഞ്ഞു.