‘സന്ധ്യ’ മയങ്ങി
Sunday, August 3, 2025 2:23 AM IST
കൊച്ചി: സാനുമാഷിനെ അറിയുന്നവർ അദ്ദേഹത്തിന്റെ ‘സന്ധ്യ’യെയും അറിയും. അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും ചിന്തകളും പരുവപ്പെടുത്തുന്നതിൽ തണലായ കൊച്ചി നഗരത്തിലെ സ്വന്തം വീട്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തുള്ള കൊച്ചുവീടാണ് ‘സന്ധ്യ’. വെളുത്ത ചായമണിഞ്ഞ ചെറിയ ഇരുന്പു ഗേറ്റ് കടന്നെത്തിയാൽ മുന്പിലെ തിണ്ണയിലോ മരക്കസേരയിലോ വായനയിൽ മുഴുകിയ മാഷ്, സന്ധ്യയിലെ പതിവുകാഴ്ച.
എഴുത്തിലും ജീവിതത്തിലും എന്നും തണലൊരുക്കിയ സഹധര്‍മിണി രത്നമ്മയുടെ വിയോഗം സാനുമാഷിനെ വല്ലാതെ ഉലച്ചു. എഴുത്തിലും പൊതുരംഗങ്ങളിലെ ഇടപെടലുകളിലുമെല്ലാം രത്നമ്മ സാനുമാഷിന് പൂര്‍ണ പിന്തുണയായി ഒപ്പം തന്നെയുണ്ടായിരുന്നു. 1987ല്‍ സാനുമാഷ് എറണാകുളത്തു നിയമസഭാ സ്ഥാനാര്‍ഥിയായപ്പോഴും പിന്തുണയുമായി രത്നമ്മ ഒപ്പം ചേര്‍ന്നു. ഏതാനും വര്‍ഷം മുമ്പുവരെ പല പരിപാടികളിലും മാഷിനെ അവര്‍ അനുഗമിച്ചു.
എഴുത്തുവഴികളിലെ സഹായാത്രികരും ശിഷ്യഗണങ്ങളും സഹൃദയരുമൊക്കെയെത്തിയുള്ള സാഹിത്യവർത്തമാനങ്ങളും ‘സന്ധ്യ’യെയും സാനുമാഷിനെയും സജീവമാക്കി. ഇനി സാനുമാഷിനെ വിളിക്കാൻ, കാറിൽ പരിപാടികൾക്കു കൂട്ടിക്കൊണ്ടുപോകാൻ സന്ധ്യയിലേക്ക് ആരും വരില്ലെങ്കിലും മാഷിനെ ഓർക്കുന്നവർക്ക് ആ സ്നേഹ വീടിനെയും മറക്കാനാകില്ല.