ചേർത്തുപിടിച്ചവർക്കു നന്ദി പറഞ്ഞ് സിസ്റ്റർ വന്ദനയുടെ സഹോദരൻ
Sunday, August 3, 2025 2:26 AM IST
ഉദയഗിരി (കണ്ണൂർ): ഒന്പതു ദിവസമായി ദുഃഖത്തിലും വേദനയിലും സഹോദരിയെയും ഞങ്ങളുടെ കുടുംബത്തെയും ചേർത്തുനിർത്തിയ എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്ന് സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ചെറിയാൻ മാത്യു.
ഇന്നലെ ഉദയഗിരിയിലെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകരിൽ നിന്നാണ് സഹോദരിക്കും കൂടെയുണ്ടായിരുന്ന കന്യാസ്ത്രീക്കും ജാമ്യം ലഭിച്ച വിവരം അറിഞ്ഞത്. ഇടയ്ക്ക് ജാമ്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടായപ്പോഴും ഞങ്ങളുടെ കുടുംബത്തിന് ആശ്വാസവും പ്രതീക്ഷയുമേകിയത് കേരള സമൂഹം ഒന്നടങ്കം കൂടെനിന്നതാണെന്നും ചെറിയാൻ മാത്യു പറഞ്ഞു.
ദൈവത്തിന്റെ പ്രത്യേക അനുഗ്രഹവും ശക്തിയും ഞങ്ങൾക്കു ലഭിച്ചു. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി താങ്ങും തണലുമായി എപ്പോഴുമുണ്ടായിരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളോടും മാധ്യമപ്രവർത്തകരോടും കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയുണ്ടെന്ന് ചെറിയാൻ മാത്യു നിറകണ്ണുകളോടെ പറഞ്ഞു.
എല്ലാവരും കൂടെ നിന്നതാണ് ഞങ്ങളുടെ കുടുംബത്തിന് സഹായകരമായത്. ജാമ്യം ലഭിച്ചുവെങ്കിലും കേസിൽനിന്ന് പൂർണമായി ഒഴിവാക്കിക്കിട്ടണമെന്നാണ് കുടുംബത്തിനു പറയാനുള്ളത്. അതുവരെ എല്ലാവരും കൂടെനിൽക്കണം.
പ്രായാധിക്യവും രോഗവും ഓർമക്കുറവും മൂലം വിഷമിക്കുന്ന അമ്മയോട് ആദ്യദിവസങ്ങളിൽ സഹോദരി അറസ്റ്റിലായ വിവരം അറിയിച്ചിരുന്നില്ല. പിന്നീട് പറഞ്ഞപ്പോൾ അവൾ ഇറങ്ങിയോ എന്ന് ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. വേദനകൾ പുറമേ കാണിക്കാതെ ഉള്ളിലൊതുക്കുകയായിരുന്നു അമ്മ.
മറ്റൊരു സഹോദരിയായ സിസ്റ്റർ ദീപ ജയിലിൽ സഹോദരിയെ സന്ദർശിച്ചശേഷം അവർ അവിടെയനുഭവിക്കുന്ന പീഡനങ്ങൾ നേരിട്ടു മനസിലാക്കാൻ സാധിച്ചു. അത് അവരെ തളർത്തിയിരുന്നു. പല കാര്യങ്ങളും സങ്കടംമൂലം ഞങ്ങളിൽനിന്ന് മറച്ചുവച്ചു. മറ്റു സ്ഥലങ്ങളിൽനിന്ന് കൂടുതൽ തടവുകാരെ വരെ ഇവരുടെ ഇടയിലേക്ക് കൊണ്ടുവന്ന് താമസിപ്പിച്ചതായാണ് അറിയാൻ കഴിഞ്ഞത്.
കേരളം ഒറ്റക്കെട്ടായി നിന്നപ്പോൾ ജാമ്യാപേക്ഷയിൽ എതിർത്തെങ്കിലും പ്രോസിക്യൂട്ടർ തെളിവുകൾ ഹാജരാക്കാതിരുന്നപ്പോൾതന്നെ ജാമ്യം കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഉടൻതന്നെ സിസ്റ്റർ വന്ദനയെ വീട്ടിലേക്കു വിടാമെന്നാണ് മദർ സുപ്പീരിയർ അറിയിച്ചിട്ടുള്ളത്. സഹോദരിയെ കാണാൻ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളെന്നും ചെറിയാൻ മാത്യു പറഞ്ഞു.