ബാല്യം സർഗസുഗന്ധി
Sunday, August 3, 2025 2:24 AM IST
കൊച്ചി: കുഞ്ഞുനാൾ മുതൽ അക്ഷരങ്ങളോടും വായനയോടും പുസ്തകങ്ങളോടും ഇഷ്ടം കൂടാൻ സാനുമാഷിനു ഭാഗ്യമുണ്ടായി. സാംസ്കാരിക, സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ മമത പുലര്‍ത്തിയ കുടുംബപശ്ചാത്തലം കുഞ്ഞുനാളുകളില്‍ വായനയിലേക്കടുപ്പിച്ചെന്ന് അദ്ദേഹം ഒരിക്കൽ ‘ദീപിക’യ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജൗളിക്കട നടത്തിയ അച്ഛന് എം.സി. കേശവൻ വൈകുന്നേരങ്ങളില്‍ കഥകള്‍ പറഞ്ഞുകൊടുത്തു. പുരാണകഥകളാണ് ഏറെയും പറയുക. അച്ഛന് പറഞ്ഞ കഥകള്‍ കേട്ടുവളര്‍ന്നത് സാനുവിൽ പുരാണകഥകളോട് ആഭിമുഖ്യമുണര്ത്തി. പിൽക്കാലത്തെ എഴുത്തുകളിൽ പുരാണകഥാപാത്രങ്ങളും പ്രമേയങ്ങളും പശ്ചാത്തലങ്ങളായി. പത്താം ജന്മദിനത്തില് അച്ഛന്റെ സമ്മാനം ‘23 ടെയില്‍സ്’ എന്ന ലിയോ ടോള്‍സ്റ്റോയിയുടെ പുസ്തകമായിരുന്നു.
ഗുണപാഠകഥകളായിരുന്നു ഉള്ളടക്കം. ഇതു കൊതിയോടെ വായിച്ചു, നിധിപോലെ സൂക്ഷിച്ചു. കൊച്ചുമക്കളെ വരെ ആ പുസ്തകം വായിപ്പിച്ചിട്ടുണ്ടത്രേ.
പിതാവിന്റെ വാത്സല്യവും വായനാവഴികളിലേക്കുള്ള ക്ഷണവും സാഹിത്യലോകത്തേക്കുള്ള ചുവടുകളിൽ പ്രചോദനമായി. 11 വയസുള്ളപ്പോള്‍ അഛന് മരിച്ചു. സാഹിത്യത്തോടു ചേര്‍ത്ത് ജീവിതവീക്ഷണം രൂപപ്പെടുത്തുന്നതില്‍ പിന്നീട് അമ്മ ഭവാനി പ്രോത്സാഹിപ്പിച്ചു. അവരിരുവരും നല്കിയ വലിയ വാത്സല്യവും കരുതലും സാനുമാഷിന്റെ രചനകള്‍ക്ക് ദീപ്തി പകര്‍ന്നു.