വീട് നിർമിക്കുന്നുണ്ടോ? മറക്കേണ്ട; വയോജനസൗഹൃദമാകണം
സിജോ പൈനാടത്ത്
Monday, August 4, 2025 4:32 AM IST
കൊച്ചി: പുതിയ വീട് നിർമിക്കാനുള്ള ആലോചനയിലാണോ നിങ്ങൾ? നിർമിതി വയോജന സൗഹൃദമാണെന്ന് ഉറപ്പാക്കിക്കോളൂ. വീടു നിർമാണവുമായി ബന്ധപ്പെട്ടു തദ്ദേശസ്ഥാപനങ്ങൾ നൽകേണ്ട വിവിധ അനുമതികൾക്ക് നിർമിതി വയോജനങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാകുന്നതാണോ എന്നതും മാനദണ്ഡമാക്കാനുള്ള ആലോചനയിലാണു സംസ്ഥാന സർക്കാർ.
സാമൂഹികനീതി വകുപ്പ് തയാറാക്കിയ മുതിർന്ന പൗരന്മാർക്കുള്ള സംസ്ഥാനനയം 2025 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നയത്തിൽ പൊതുജനങ്ങളിൽനിന്നുള്ള അഭിപ്രായങ്ങൾകൂടി പരിഗണിച്ച് നിർദേശങ്ങൾ നിയമമാക്കും.
വയോജനങ്ങൾക്ക് വീടുകളിലേക്കു സുഗമമായ പ്രവേശനവും വിവിധ സൗകര്യങ്ങളുടെ ആയാസരഹിതമായ ഉപയോഗവും ഉറപ്പാക്കുന്ന രീതിയിലാകണം രൂപകല്പനയും നിർമാണവും. മൂന്നിലധികം കിടപ്പുമുറികളുള്ള വീടുകൾ നിർമിക്കുന്പോൾ അതിലൊന്നെങ്കിലും വയോജന സൗഹൃദ രീതിയിലാകണം. അതിലെ കിടപ്പുസൗകര്യവും കുളിമുറിയും വൃദ്ധർക്കും സുഗമമായി ഉപയോഗിക്കാനാകുന്ന രീതിയിലാണു നിർമിക്കേണ്ടത്.
വീടുകളിൽ വാതിലുകൾക്കു മതിയായ വീതി വേണം. റാന്പുകൾ നിർബന്ധം. തറയിൽ പാകുന്ന ടൈലുകൾ തെന്നിവീഴാൻ സാധ്യയില്ലാത്തതാണെന്ന് ഉറപ്പാക്കണം. മുറികളിൽ ആവശ്യത്തിനു വെളിച്ചം വേണം. വയോജനങ്ങളെ പരിചരിക്കുന്ന കേന്ദ്രങ്ങൾക്കും പുതിയ നയത്തിലെ നിർദേശങ്ങൾ ബാധകമാക്കും.
പൊതുയാത്രാരംഗത്ത് ലോഫ്ലോർ ബസുകൾ, എളുപ്പത്തിൽ ടിക്കറ്റെടുക്കാനുള്ള സൗകര്യം, സന്നദ്ധ ഗ്രൂപ്പുകളുടെ വാഹന പൂളിംഗ് എന്നിവ പ്രോത്സാഹിപ്പിക്കണമെന്ന് നയത്തിന്റെ കരട് നിർദേശിക്കുന്നു.
നിർദിഷ്ട വയോജന നയത്തിന്റെ കരട് സാമൂഹിക നീതി വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈമാസം 31വരെ ഇതിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാൻ അവസരമുണ്ടെന്ന് സാമൂഹികനീതി ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കി.
വളരുന്നു, വാർധക്യം
സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി സാമൂഹികനീതി വകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2011ല്‍ 60നും അതിന് മുകളിലുമുള്ളവരുടെ ജനസംഖ്യാനുപാതം 12.5 ശതമാനമായിരുന്നു. 2021ല്‍ ഇത് 15 ശതമാനമായി ഉയര്‍ന്നു. 2051 ആകുമ്പോഴേക്കും ഇതു 30 ശതമാനമായി ഉയരുമെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഡവലപ്മെന്റിന്റെ 2025ലെ റിപ്പോര്‍ട്ടിനെ ആധാരമാക്കി സാമൂഹികനീതി വകുപ്പ് പറയന്നു.
സംസ്ഥാനത്തെ വയോജനങ്ങളില്‍ 34.75 ശതമാനം പേര് പ്രമേഹരോഗികളാണ്. 53.24 ശതമാനം രക്തസമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.