അറ്റകുറ്റപ്പണി ഗ്രാന്റിലെ ക്രമക്കേട്: മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണും സെക്രട്ടറിയും വിചാരണ നേരിടണമെന്നു ഹൈക്കോടതി
Monday, August 4, 2025 4:32 AM IST
കൊച്ചി: ആലപ്പുഴ നഗരസഭയ്ക്ക് 2004-2005ല്‍ സർക്കാരിൽനിന്ന് അനുവദിച്ച മെയിന്റനന്‍സ് ഗ്രാന്റില്‍ 67,26,272 രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സനും സെക്രട്ടറിയുമടക്കം വിചാരണ നേരിടണമെന്നു ഹൈക്കോടതി.
മുന്‍ ചെയര്പേഴ്സൻ ലളിതാമ്മ സോമനാഥന്, മുന്‍ സെക്രട്ടറി ഇന്ദ്ര ബാലന്‍പിള്ള, മുന്‍ എന്‍ജിനിയര്‍ ടി.എസ്. വേലുസ്വാമി, മുന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ.ആര്. വിക്രമന് എന്നിവര്‍ വിജിലന്‍സ് സ്പെഷല്‍ കോടതിയില്‍ വിചാരണ നേരിടണമെന്നാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഉത്തരവിട്ടത്.
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഒരു കോടി 26 ലക്ഷം രൂപയും റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 13 ലക്ഷം രൂപയുമാണ് ഗ്രാന്റായി സർക്കാരിൽനിന്ന് അനുവദിച്ചത്. അനുവദിച്ച തുകകൊണ്ട് നഗരസഭയിലെ 26 വര്‍ക്കുകള്‍ ഏറ്റെടുത്ത് നേരിട്ടു നടപ്പാക്കുന്നതിന് മുനിസിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു.
തുടര്‍ന്ന് പ്രതികള്‍ ഗൂഢാലോചന നടത്തി ക്രമവിരുദ്ധമായി 90,61,200 രൂപ മുന്‍കൂറായി അസിസ്റ്റന്റ് എന്‍ജിനിയറുടെ അക്കൗണ്ടിലേക്ക് മാറ്റിക്കൊടുത്തു.
മാറ്റിയ തുകയില്‍ 23,34,928 രൂപയുടെ ജോലി മാത്രമാണു നടത്തിയതെന്നും ബാക്കി തുകയായ 67,26 272 രൂപ ജോലി നടത്താതെ അസിസ്റ്റന്റ് എന്‍ജിനിയര്‍ വ്യാജരേഖ നഗരസഭയിൽ സമര്‍പ്പിച്ചു ക്രമക്കേട് നടത്തിയതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.