ബ്രൂക്കിനും റൂട്ടിനും സെഞ്ചുറി; വിട്ടുകൊടുക്കാതെ ഇന്ത്യ
Monday, August 4, 2025 1:46 AM IST
ലണ്ടന്‍: കൈയിലൊതുങ്ങിയ പന്തുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ബൗണ്ടറി ലൈനില്‍ അറിയാതെ ചവിട്ടിപ്പോയ നിമിഷം... ബൗണ്ടറി ലൈനിനരികെവച്ചുണ്ടായ അശ്രദ്ധ, ഇന്ത്യയുടെ നിർഭാഗ്യം. ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ടെസ്റ്റിന്റെ നാലാംദിനം സിറാജ് ആ ക്യാച്ച് എടുത്തിരുന്നെങ്കിൽ മഴയിൽ മത്സരം മുറിഞ്ഞപ്പോൾ ഇന്ത്യക്ക് കാർമേഘങ്ങളെ നോൽക്കിയിരിക്കേണ്ടിവരില്ലായിരുന്നു.
374 റണ്‍സ് ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സിനെത്തിയ ഇംഗ്ലണ്ട്, മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലായിരുന്നു. ക്രിസ് വോക്സ് കളിക്കില്ലെന്നുറപ്പുള്ളതിനാല് എട്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഇന്ത്യക്കു ജയം ഉറപ്പ്.
എന്നാൽ, നാലാംദിനം ഹാരി ബ്രൂക്കും (111) ജോ റൂട്ടും (105) സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ ജയത്തിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഇവരെ പുറത്താക്കി ഇന്ത്യ നാലാം ദിനം മത്സരം തങ്ങളുടെ വരുതിയിലാക്കാൻ തീവ്രമായി (30 പന്തിനിടെ എട്ട് റൺസിന് രണ്ട് വിക്കറ്റ്) ശ്രമിക്കവെയാണ് മഴ വരുന്നത്. മഴയെത്തുടർന്ന് നാലാംദിനം 339/6 എന്ന നിലയിൽ മത്സരം അവസാനിപ്പിച്ചു. ജേമി സ്മിത്തും (2), ജേമി ഓവർട്ടണുമാണ് (0) ക്രീസിൽ. ചുരുക്കത്തിൽ കലിപ്പ് ത്രില്ലറിന്റെ ഫലത്തിനായി അഞ്ചാംദിനമായ ഇന്നും പോരാട്ടം തുടരും...
ഓ സിറാജ്...!
മൂന്നാംദിനം അവസാനിച്ചപ്പോള്‍ 34 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ബെന്‍ ഡക്കറ്റിനെ നാലാംദിനമായ ഇന്നലെ തുടക്കത്തിലേ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്കു പ്രതീക്ഷ നല്കി. 54 റണ്‍സ് നേടിയ ഡക്കറ്റിനെ സ്ലിപ്പില്‍ രാഹുല്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെ (27) വിക്കറ്റിനു മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജ് ഇന്ത്യയുടെ വരുതിയിലേക്കു മത്സരം അടുപ്പിച്ചു.

19 റണ്‍സ് എടുത്തു നില്‍ക്കുകയായിരുന്ന ഹാരി ബ്രൂക്കിനെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ബൗണ്ടറി ലൈനില്‍വച്ച് മുഹമ്മദ് സിറാജ് ക്യാച്ച് എടുത്തു. എന്നാല്‍, പിന്നോട്ട് അറിയാതെ സ്റ്റെപ്പ് വച്ച് സിറാജ് ബൗണ്ടറി ലൈനു പുറത്തേക്കിറങ്ങി. 98 പന്തില്‍ രണ്ട് സിക്സും 14 ഫോറും അടക്കം 111 റണ്‍സ് നേടി മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയശേഷമാണ് ഹാരി ബ്രൂക്ക് പുറത്തായത്. ആകാശ് ദീപിന്റെ പന്തില്‍ മുഹമ്മദ് സിറാജായിരുന്നു ബ്രൂക്കിനെ പുറത്താക്കിയ ക്യാച്ച് എടുത്തത്.
ബ്രൂക്ക് 10 - റൂട്ട് 39
ഇംഗ്ലണ്ടിനെ ജയത്തിലേക്ക് അടുപ്പിച്ചത് ഹാരി ബ്രൂക്കും ജോ റൂട്ടും നാലാം വിക്കറ്റില്‍ നേടിയ 195 റണ്‍സാണ്. നേരിട്ട 91-ാം പന്തില്‍ ബ്രൂക്ക് സെഞ്ചുറി തികച്ചു. താരത്തിന്റെ 10-ാം ടെസ്റ്റ് സെഞ്ചുറി. 50-ാം ഇന്നിംഗ്സിലാണ് 10 ടെസ്റ്റ് സെഞ്ചുറി ബ്രൂക്ക് സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏറ്റവും വേഗത്തില്‍ 10 സെഞ്ചുറി തികച്ച താരമാണ് ബ്രൂക്ക് എന്നതും ശ്രദ്ധേയം.
137-ാം പന്തിൽ സെഞ്ചുറിയും തികച്ചു. 152 പന്തിൽ 12 ഫോറിന്റെ സഹായത്തോടെ 105 റൺസ് നേടിയശേഷമാണ് റൂട്ട് മടങ്ങിയത്. റൂട്ടിന്റെ 39-ാം സെഞ്ചുറിയാണ്. ഇതോടെ കുമാർ സംഗക്കാരയെയും (38 സെഞ്ചുറി) റൂട്ട് മറികടന്നു. സച്ചിൻ തെണ്ടുൽക്കർ (51), ജാക് കാലിസ് (45), റിക്കി പോണ്ടിംഗ് (41) എന്നിവർ മാത്രമാണ് ഇനി റൂട്ടിനു മുന്നിലുള്ളത്.
7000 കടന്ന് റണ്ണൊഴുക്ക്
ആന്ഡേഴ്സണ് - തെണ്ടുല്‍ക്കര്‍ ട്രോഫിക്കു വേണ്ടിയുള്ള ഇംഗ്ലണ്ട് x ഇന്ത്യ അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ പിറന്നത് 7150ൽ അധികം റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു പരമ്പരയിലെ റണ്ണൊഴുക്കില്‍ രണ്ടാം സ്ഥാനത്താണിത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള 1993 ആഷസ് പരമ്പരയില്‍ 7221 റണ്‍സ് പിറന്നതാണ് റിക്കാര്‍ഡ്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 224, രണ്ടാം ഇന്നിംഗ്സ്: 396.
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്: 247. രണ്ടാം ഇന്നിംഗ്സ്: സാക്ക് ക്രാളി ബി സിറാജ് 14, ബെന്‍ ഡക്കറ്റ് സി രാഹുല്‍ ബി പ്രസിദ്ധ് 54, ഒല്ലി പോപ്പ് എല്‍ബിഡബ്ല്യു ബി സിറാജ് 27, ജോ റൂട്ട് സി ജുറെൽ ബി പ്രസിദ്ധ് 105, ഹാരി ബ്രൂക്ക് സി മുഹമ്മദ് സിറാജ് ബി ആകാശ് ദീപ് 111, ജേക്കബ് ബെഥേല്‍ ബി പ്രസിദ്ധ് 5, ജേമി സ്മിത്ത് നോട്ടൗട്ട് 2, ജേമി ഓവർട്ടൺ നോട്ടൗട്ട് 0, എക്സ്ട്രാസ് 21, 76.2 ഓവറിൽ 339/6.
വിക്കറ്റ് വീഴ്ച: 1-50, 2-82, 3-106, 4-301, 5-332, 6-337.
ബൗളിംഗ്: ആകാശ് ദീപ് 20-4-85-1, പ്രസിദ്ധ് കൃഷ്ണ 22.2-3-109-3, മുഹമ്മദ് സിറാജ് 26-5-95-2, വാഷിംഗ്ടണ്‍ സുന്ദര്‍ 4-0-19-0, രവീന്ദ്ര ജഡേജ 4-0-22-0.