എബിഡി സെഞ്ചുറി; പ്രോട്ടീസ് കപ്പ്
Monday, August 4, 2025 1:46 AM IST
ബിര്‍മിംഗ്ഹാം: 360 ഡിഗ്രി താരമായ എബി ഡിവില്യേഴ്സ് തന്റെ ബാറ്റിംഗ് ചാതുര്യം നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചപ്പോള്‍, 2025 ചാമ്പ്യന്‍സ് ഓഫ് ലെജൻഡ്സ് ട്വന്റി-20 കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. ഡിവില്യേഴ്സിന്റെ സെഞ്ചുറിക്കരുത്തില്‍ പാക്കിസ്ഥാനെ ഒമ്പത് വിക്കറ്റിനു ഫൈനലില്‍ കീഴടക്കിയാണ് പ്രോട്ടീസ് ചാമ്പ്യന്മാരായത്. സ്കോര്‍: പാക്കിസ്ഥാന് 20 ഓവറില്‍ 195/5. ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 197/1.
47 പന്തിലാണ് എബിഡി സെഞ്ചുറിയിലെത്തിയത്. 60 പന്തില്‍ ഏഴ് സിക്സും 12 ഫോറും അടക്കം 120 റണ്‍സുമായി ഡിവില്യേഴ്സ് പുറത്താകാതെ നിന്നു. ഹാഷിം അംലയുടെ (18) വിക്കറ്റാണ് പ്രോട്ടീസിനു നഷ്ടപ്പെട്ടത്. ജീന്‍ പോള്‍ ഡുമിനിയും (28 പന്തില്‍ 50) പുറത്താകാതെ നിന്നു. പ്ലെയര്‍ ഓഫ് ദ മാച്ച്, പ്ലെയര്‍ ഓഫ് ദ സീരീസ് പുരുസ്കാരങ്ങള്‍ ഡിവില്യേഴ്സിനാണ്. മൂന്നു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമടക്കം പരമ്പരയില്‍ 429 റണ്‍സ് ഡിവില്യേഴ്സ് സ്വന്തമാക്കി.