മറുനാട്ടിൽ ആദ്യ കിരീടവുമായി എബിൻ റോസ്
സെബി മാളിയേക്കൽ
Monday, August 4, 2025 1:46 AM IST
കാല്പന്ത് പരിശീലകനുള്ള ഏഷ്യൻ എ ലെവൽ ലൈസൻസ് നേടി ത്രിപുരയിൽ കോച്ചിംഗിനെത്തിയ മലയാളി ഫുട്ബോൾ പരിശീലകൻ എബിൻ റോസിന് ആദ്യ അവസരത്തിൽത്തന്നെ കന്നിക്കിരീടം. ത്രിപുര ഫോർവേഡ് എഫ്സി ക്ലബ് ആണ് എബിന്റെ പരിശീലനത്തിൽ ത്രിപുര സ്റ്റേറ്റ് ക്ലബ് ചാന്പ്യൻഷിപ്പ് ജേതാക്കളായത്.
ത്രിപുരയിലെ 18 പ്രമുഖ ടീമുകൾ മാറ്റുരച്ച ചാന്പ്യൻഷിപ്പായിരുന്നു ഇത്. കോവളം എഫ്സിയുടെ കോച്ചായ എബിൻ റോസ് രണ്ടുമാസത്തെ സ്പെഷൽ കോണ്ട്രാക്റ്റിലാണ് ത്രിപുര ഫോർവേഡ് എഫ്സിയിൽ എത്തിയത്. മണിപ്പുരുകാരനായ ബാസവ് ദത്ത ക്യാപ്റ്റനായ ടീമിനെ എബിൻ അടിമുടി അഴിച്ചുപണിതു.
കഴിഞ്ഞ മൂന്നുവർഷമായി ചാന്പ്യന്മാരായി ക്വാർട്ടറിലേക്കു നേരിട്ട് എൻട്രി ലഭിച്ച ആഗിയേ ചലോസംഘ അഗർത്തലയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു തകർത്താണ് എബിന്റെ കുട്ടികൾ സെമിബർത്ത് ഉറപ്പിച്ചത്. ഇതോടെ കളിക്കാരിൽ വല്ലാത്ത ആത്മവിശ്വാസവും വിജയദാഹവും അങ്കുരിച്ചു. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായിരുന്ന നയൻ ബുള്ളറ്റ്സ് ആയിരുന്നു സെമിയിലെ എതിരാളികൾ. കരുത്തരായ ഇവർക്കെതിരേ 96 ാം മിനിറ്റിലാണ് സമനില ഗോൾ നേടിയത്. പിന്നീട് അധികസമയത്തു വിജയഗോളും. ഫൈനലിൽ ബ്ലഡ് മൗത്തിനെ 2-0 ന് തകർത്താണ് ഫോർവേഡ് എഫ്സി ആദ്യമായി വിജയകിരീടം ചൂടിയത്.
“എതിരാളികൾ പ്രഗല്ഭരാണെങ്കിലും പൊരുതി വിജയിക്കുക എന്നതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. മുൻ ഇന്ത്യൻ ഇന്റർനാഷണലും 70കാരനുമായ സുഭാഷ് ബോസ് ആയിരുന്നു അസിസ്റ്റന്റ് കോച്ച്. അദ്ദേഹത്തിന്റെ പരിചയസന്പത്ത് മുഖവിലയ്ക്കെടുത്ത് അഭിപ്രായങ്ങൾ ആരാഞ്ഞാണ് സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തിയിരുന്നത്. കളിക്കാരുടെ കഠിനപരിശ്രമവും കന്നിക്കിരീടമെന്ന സ്വപ്നവും ദൈവത്തിന്റെ അനുഗ്രഹവും ഞങ്ങളെ ചാന്പ്യന്മാരാക്കി’’ -എബിൻ പറഞ്ഞു.
ഒന്നര പതിറ്റാണ്ടിലേറെ തിരുവനന്തപുരം ടൈറ്റാനിയത്തിന്റെ കുന്തമുനയായിരുന്ന എബിൻ റോസ് സന്തോഷ് ട്രോഫി നേടിയ 2004ലെ കേരള ടീമിൽ പ്രതിരോധനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു. 2009വരെ തുടർച്ചയായി അഞ്ചുവർഷം കേരള സന്തോഷ് ട്രോഫി ടീമിലെ നിറസാന്നിധ്യമായിരുന്നു. അന്തർദേശീയതലത്തിലുള്ള കോച്ചിംഗ് ലൈസൻസ് നേടിയ എബിൻ റോസിന് കേരള സന്തോഷ് ട്രോഫി ടീമിനെ പരിശീലിപ്പിക്കണം എന്നതാണു മോഹം.