യുവജനജൂബിലിയാഘോഷത്തിന് പ്രൗഢോജ്വല സമാപനം
Monday, August 4, 2025 2:56 AM IST
റോം: സാർവത്രികസഭയിൽ 2025 പ്രത്യാശയുടെ ജൂബിലിവർഷമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചു സംഘടിപ്പിച്ച ലോക യുവജന ജൂബിലിയാഘോഷം സമാപിച്ചു. സമാപനദിനമായ ഇന്നലെ രാവിലെ റോം നഗരത്തിന്റെ പ്രാന്തപ്രദേശമായ തൊർ വെർഗാത്ത പാർക്കിൽ നടന്ന വിശുദ്ധ കുർബാനയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പത്തു ലക്ഷത്തിലേറെ യുവതീ-യുവാക്കളാണു പങ്കെടുത്തത്.
വിശുദ്ധ കുർബാനയ്ക്ക് ലെയോ പതിനാലാമൻ മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു. ഇതേ പാർക്കിൽ ശനിയാഴ്ച രാത്രിയിൽ നടന്ന ജാഗരണപ്രാർഥനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും മാർപാപ്പ മുഴുവൻ സമയവും സന്നിഹിതനായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുമായി മാർപാപ്പ സംവദിച്ചു.
കഴിഞ്ഞ 28ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാനയോടെ തുടക്കം കുറിച്ച ജൂബിലിയാഘോഷ ദിനങ്ങളിൽ റോമിലെ വിവിധ ചത്വരങ്ങളിലും സ്റ്റേഡിയങ്ങളിലുമായി ദിവ്യകാരുണ്യ ആരാധന, കുന്പസാരം, കുരിശിന്റെ വഴി, വിശുദ്ധരുടെ തിരുശേഷിപ്പ് വന്ദനം, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, ശില്പശാലകൾ, സംഗീതപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
ഞങ്ങൾ ഒപ്പമുണ്ട്; യുദ്ധദുരിതം പേറുന്ന യുവജനങ്ങളോടു മാർപാപ്പ
റോം: യുദ്ധക്കെടുതി തുടരുന്ന യുക്രെയ്നിലെയും ഗാസയിലെയും ലോകത്തിന്റെ ഇതര മേഖലകളിലെയും യുവജനങ്ങളുടെ അവസ്ഥ അറിയാമെന്നും ഞങ്ങളെല്ലാം ഒപ്പമുണ്ടെന്നും ലെയോ പതിനാലാമൻ മാർപാപ്പ. യുവജന ജൂബിലിയാഘോഷത്തിന്റെ സമാപന വിശുദ്ധ കുർബാനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
“എന്റെ യുവ സഹോദരീ-സഹോദരന്മാരേ, വ്യത്യസ്തമായ ഒരു ലോകം, സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ലോകം സാധ്യമാണെന്നതിന്റെ അടയാളമാണു നിങ്ങൾ. അവിടെ സംഘർഷങ്ങൾ ആയുധങ്ങൾ കൊണ്ടല്ല, ചർച്ചകളിലൂടെ പരിഹരിക്കപ്പെടുന്നു”. യുദ്ധക്കെടുതി അനുഭവിക്കുന്ന യുവജനങ്ങളോടായി മാർപാപ്പ പറഞ്ഞു. “യേശുക്രിസ്തുവാണ് നമ്മുടെ പ്രതീക്ഷ. ദൈവം നമ്മുടെ ആത്മാവിന്റെ ജാലകത്തിൽ മൃദുവായി മുട്ടുന്നുണ്ട്. അതു കേൾക്കാൻ നമുക്കാകണം. അങ്ങനെ നിത്യതയിലേക്ക് കർത്താവിനോടൊപ്പം നമുക്കു യാത്ര ചെയ്യാം”-മാർപാപ്പ പറഞ്ഞു.
ജൂബിലിയാഘോഷത്തിലെ യുവജനങ്ങളുടെ വൻ പങ്കാളിത്തത്തെ അഭിനന്ദിച്ച മാർപാപ്പ, സഭയ്ക്കും ലോകം മുഴുവനും വേണ്ടിയുള്ള ദൈവത്തിന്റെ കൃപയുടെ പ്രവാഹം എല്ലാ യുവജനങ്ങളുടെയും പങ്കാളിത്തത്തിൽ പ്രതിഫലിച്ചതായി ചൂണ്ടിക്കാട്ടി. ബിഷപ്പുമാരെയും വൈദികരെയും സന്യസ്തരെയും അജപാലന നേതാക്കളെയും അഭിവാദ്യം ചെയ്ത മാർപാപ്പ, അവരുടെ കഠിനാധ്വാനത്തിനു നന്ദി പറയുന്നതായും പ്രാർഥിക്കുന്നതായും പറഞ്ഞു.
ലോക യുവജന ദിനാഘോഷം സിയൂളിൽ 2027 ഓഗസ്റ്റ് മൂന്നുമുതൽ
കത്തോലിക്കാസഭയുടെ അടുത്ത ലോക യുവജന ദിനാഘോഷങ്ങൾ 2027 ഓഗസ്റ്റ് മൂന്നുമുതൽ എട്ടുവരെ ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയൂളിൽ നടക്കുമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ചു. അടുത്ത യുവജനദിനാഘോഷം സിയൂളിലാണെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി അറിയിച്ചിരുന്നില്ല. "ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു' എന്നതാണ് സിയൂൾ യുവജനസമ്മേളനത്തിന്റെ പ്രമേയമെന്നും മാർപാപ്പ വ്യക്തമാക്കി.