റഷ്യയിൽ അഗ്നിപർവത സ്ഫോടനം
Monday, August 4, 2025 1:54 AM IST
മോസ്കോ: കിഴക്കൻ റഷ്യയിലെ കാംചട്ക പ്രദേശത്തു സ്ഥിതി ചെയ്യുന്ന ക്രാഷ്നിനിക്കോവ് അഗ്നിപർവതം ആറു നൂറ്റാണ്ടിനുശേഷം പൊട്ടിത്തെറിച്ചു. ആറു കിലോമീറ്റർ ഉയരത്തിലേക്കു ചാരം പുറന്തള്ളിയെന്നാണു റിപ്പോർട്ട്. അഗ്നിപർവത സ്ഫോടനം ജനങ്ങൾക്കു ഭീഷണിയല്ലെന്നു റഷ്യൻ വൃത്തങ്ങൾ പറഞ്ഞു.
അഗ്നിപർവത സ്ഫോടനത്തിനു പിന്നാലെ റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തി ഭൂകന്പവും ഉണ്ടായി. കാംചട്ക പ്രദേശത്തെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഈ അഗ്നിപർവതം ഇതിനു മുന്പ് പൊട്ടിത്തെറിച്ചത് 1463 ൽ ആണെന്നാണ് അനുമാനം.
കാംചട്ക പ്രദേശത്ത് കഴിഞ്ഞ ബുധനാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ ഉഗ്രഭൂകന്പം ഉണ്ടായിരുന്നു. ഇപ്പോഴത്തെ അഗ്നിപർവത സ്ഫോടനവും ഭൂകന്പവും ഇതിന്റെ തുടർച്ചയാണെന്നു കരുതുന്നു. ആഴ്ചകളോളം തുടർചലനങ്ങളുണ്ടാകാമെന്നു റഷ്യൻ അധികൃതർ നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നു.
ബുധനാഴ്ചത്തെ ഭൂകന്പത്തെത്തുടർന്ന് പസഫിസ് സമുദ്രത്തീരത്തുടനീളം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ലക്ഷങ്ങളെ ഒഴിപ്പിച്ചുമാറ്റുകയും ചെയ്തിരുന്നു.