അധികതീരുവ ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
Saturday, August 2, 2025 2:46 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്താനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഓഗസ്റ്റ് ഏഴിന് ഉത്തരവ് പ്രാബല്യത്തിലാകും.
68 രാജ്യങ്ങൾക്കും 27 അംഗ യൂറോപ്യൻ യൂണിയനുമാണു ട്രംപ് ഭരണകൂടം തീരുവ വർധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവയും അതിനുമേൽ പിഴയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രസീലിനും ആഫ്രിക്കൻ രാജ്യമായ ലെസെത്തോയ്ക്കും 50 ശതമാനം വീതമാണു തീരുവ ചുമത്തുക.
അമേരിക്കയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായ യൂറോപ്യൻ യൂണിയന് 15 ശതമാനമാണു തീരുവ. കാനഡയ്ക്കുമേലുള്ള തീരുവ 25ൽനിന്ന് 35 ശതമാനമായി ഉയർത്തി. ഇതിനെതിരേ കാനഡ രംഗത്തെത്തി. ഇന്ത്യക്ക് ഉയർന്ന തീരുവ പ്രഖ്യാപിച്ച ട്രംപ്, പാക്കിസ്ഥാന് ഇളവ് നല്‍കിയത് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. പാക്കിസ്ഥാന് 19 ശതമാനമാണു തീരുവ. മുന്‍പ് ചുമത്തിയ തീരുവ 29 ശതമാനമായിരുന്നു.
വ്യാപാര ചർച്ചകളിൽ അന്തിമ ധാരണയാകാത്ത സാഹചര്യത്തിൽ ഇന്ത്യക്കെതിരേ അധിക തീരുവ ചുമത്തുമെന്നു യുഎസ് പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽനിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതു ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര ചർച്ച അഞ്ചു വട്ടം പൂർത്തിയായിരുന്നു.
അടുത്ത ചർച്ച ഈ മാസം അവസാനം നടക്കാനിരിക്കേയായിരുന്നു ട്രംപ് തീരുവ വർധിപ്പിച്ചത്. ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്ക് ഏപ്രില്‍ രണ്ടിന് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ പിന്നീട് ഓഗസ്റ്റ് ഒന്നുവരെ മരവിപ്പിക്കുകയായിരുന്നു.
തീരുവ വർധന ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതിയുടെ പകുതിയെ ബാധിക്കുമെന്നാണു റിപ്പോർട്ട്. ഒരു വർഷം അമേരിക്കയിലേക്ക് 8,600 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തുന്നത്. ഇതിൽ 4,800 കോടി ഡോളറിന്റെ കയറ്റുമതിയെ തീരുവവർധന ബാധിക്കുമെന്നാണു സൂചന.
അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ വേണ്ടെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്കയുടെ തീരുവ വര്‍ധനയ്ക്കു തക്ക മറുപടിയുമായി ഇന്ത്യ. യുഎസ് നിര്‍മിത അഞ്ചാം തലമുറ എഫ്-35 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ താത്പര്യമില്ലെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചതായി റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുന്നതിലും നിര്‍മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണു ഇന്ത്യ കൂടുതല്‍ താത്പര്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു എഫ്-35 യുദ്ധവിമാനത്തിന് 800 കോടി ഡോളര്‍ ചെലവ് വരും. ഫെബ്രവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനവേളയിലാണ് ഇന്ത്യക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ ട്രംപ് വാഗ്ദാനം ചെയ്തത്. അതേസമയം, എസ്യു-57 എന്ന അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യക്കു നല്‍കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.