പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാനഡയും; ഭീഷണി മുഴക്കി ട്രംപ്
Friday, August 1, 2025 2:07 AM IST
ഒട്ടാവ: പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്നു പ്രഖ്യാപിച്ച കാനഡയ്ക്കെതിരേ വ്യാപാരചർച്ചയുടെ പേരിൽ ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സെപ്റ്റംബറിൽ ചേരുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്നാണു കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ച അറിയിച്ചത്. ഇതോടെ കാനഡയുമായി വ്യാപരക്കരാർ ഉണ്ടാക്കുന്ന കാര്യം ബുദ്ധിമുട്ടാകുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.
യുഎസുമായി വ്യാപാരക്കരാറുണ്ടാക്കാൻ കാനഡയ്ക്ക് ട്രംപ് അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കേയാണ് പുതിയ സംഭവവികാസങ്ങൾ. അമേരിക്കയുമായുള്ള ചർച്ചകൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ കരാർ ഉണ്ടാവില്ലെന്ന് മാർക്ക് കാർണി നേരത്തേ സൂചിപ്പിച്ചിരുന്നു.
ഓഗസ്റ്റ് ഒന്നിനുള്ളിൽ കരാറുണ്ടായില്ലെങ്കിൽ യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര ഉടന്പടിയിൽ ഉൾപ്പെടാത്ത എല്ലാ കനേഡിയൻ ഉത്പന്നങ്ങൾക്കും 35 ശതമാനം വച്ച് ചുങ്കം ചുമത്തുമെന്നാണു ട്രംപ് നേരത്തേ അറിയിച്ചിട്ടുള്ളത്. മെക്സിക്കോ കഴിഞ്ഞാൽ അമേരിക്കയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണു കാനഡ.
അമേരിക്കയിലെ ആമസോൺ പോലുള്ള ടെക് കന്പനികൾക്കു പ്രത്യേക നികുതി ചുമത്താൻ കാനഡ നേരത്തേ നീക്കം നടത്തിയിരുന്നു. വ്യാപാരബന്ധം അവതാളത്തിലാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതോടെ നികുതിനീക്കം കാനഡ പിൻവലിക്കുകയാണുണ്ടായത്.
ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ
ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്ന് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ജി-7 രാജ്യമാണു കാനഡ. ഗാസാ ജനത തീരാദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ അടുത്ത മിത്രങ്ങളായിരുന്ന ഈ രാജ്യങ്ങൾക്കു മനംമാറ്റമുണ്ടായത്.
കാനഡയുടെ തീരുമാനത്തെ ഇസ്രയേലും അമേരിക്കയും വിമർശിച്ചു. പലസ്തീൻ രാഷ്ട്രപദവി ഹമാസിനുള്ള പാരിതോഷികമാണെന്ന് ഇസ്രേലി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.