അയവില്ലാതെ തായ്ലൻഡ്-കംബോഡിയ സംഘർഷം
Sunday, July 27, 2025 12:44 AM IST
സുരിൻ: തായ്ലൻഡ്-കംബോഡിയ അതിർത്തിസംഘർഷം രൂക്ഷമാകുന്നു. ഇരുഭാഗത്തുമായി ഇതുവരെ 33 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. 168,000 പേർ പലായനം ചെയ്തു.
വെടിനിർത്തലിനു തയാറാകാൻ ഇരുപക്ഷത്തും രാജ്യാന്തര സമ്മർദം ശക്തമാണ്. ശനിയാഴ്ച അതിർത്തിഗ്രാമങ്ങളിൽ പീരങ്കിയാക്രമണങ്ങളും വെടിവയ്പും റിപ്പോർട്ട് ചെയ്തു. കുഴിബോംബ് ആക്രമണത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതിനെത്തുടർന്ന് സംഘർഷം വീണ്ടും രൂക്ഷമായി.
തങ്ങളെ ആക്രമിച്ചതിനുള്ള തിരിച്ചടിയാണെന്നാണു കംബോഡിയൻ, തായ്ലൻഡ് അധികൃതർ അവകാശപ്പെടുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധിമാരെ തിരിച്ചു വിളിച്ചു.
കംബോഡിയയുമായുള്ള വടക്കുകിഴക്കൻ അതിർത്തി ക്രോസിംഗുകൾ തായ്ലൻഡ് അടച്ചു. ശനിയാഴ്ച 12 മരണംകൂടി കംബോഡിയ സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 13 ആയി. ഒരു സൈനികൻ കൊല്ലപ്പെട്ടതായി തായ്ലൻഡും അറിയിച്ചു.
തായ്ലൻഡിൽ മരണസംഖ്യ 20 ആയി ഉയർന്നു. ഇതിൽ ഭൂരിപക്ഷവും സിവിലിയന്മാരാണ്. വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ അടിയന്തരയോഗം ചേർന്ന് സംഘർഷം ലഘൂകരിക്കാൻ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ ആസിയാനോട് ആവശ്യപ്പെടുകയും ചെയ്തു.
മൂന്ന് അതിർത്തി പ്രവിശ്യകളിലായി 37,635 ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയെന്ന് കംബോഡിയയുടെ ഇൻഫർമേഷൻ മന്ത്രി നെത് ഫീക്ട്ര പറഞ്ഞു.
അതേസമയം, 1,31,000 പേർ തങ്ങളുടെ അതിർത്തി ഗ്രാമങ്ങളിൽനിന്ന് പലായനം ചെയ്തതായി തായ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണു തായ്ലൻഡ്-കംബോഡിയ അതിർത്തി തർക്കം.
817 കിലോമീറ്റർ അതിർത്തിയാണ് ഇരു രാജ്യങ്ങളും പങ്കിടുന്നത്. കംബോഡിയൻ അതിർത്തിയിലെ ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുൾപ്പെടെ തർക്കമുണ്ട്. മുൻകാല ഏറ്റുമുട്ടലുകൾ ലഘുവും ഹ്രസ്വവുമായിരുന്നു. ഏതാനും ആഴ്ച മുമ്പ് അതിർത്തിയിൽ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടതോടെയാണു ഇപ്പോഴത്തെ സംഘർഷം ഉടലെടുത്തത്.