ഇറാൻ യൂറോപ്യൻ രാജ്യങ്ങളുമായി ആണവചർച്ച നടത്തും
Wednesday, July 23, 2025 1:14 AM IST
ടെഹ്റാൻ: ആണവപദ്ധതിയുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്താനൊരുങ്ങി ഇറാൻ. വെള്ളിയാഴ്ച തുർക്കിയിലെ ഇസ്താംബുളിലാണു ചർച്ച. ഇസ്രയേലുമായി നടന്ന 12 ദിവസം നീണ്ട സംഘർഷത്തിനൊടുവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
ഇതിനുശേഷം, അദ്യമായാണ് ഇത്തരമൊരു ചർച്ച നടക്കുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ ഉന്നതോദ്യോഗസ്ഥരുമായി ഇറാൻ കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയങ്ങളുടെ മേധാവി കാജാ കല്ലാസും പങ്കെടുക്കും.
സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ഇറാന്റെ ആണവപദ്ധതിക്കുമേലുള്ള ഉപരോധങ്ങളും അനുബന്ധ പ്രശ്നങ്ങളുമാകും ചർച്ചയുടെ വിഷയമെന്നും ഡെപ്യൂട്ടി മന്ത്രിതലത്തിലായിരിക്കും യോഗം നടക്കുകയെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഗൈ പറഞ്ഞു.
2015ലെ കരാർ പ്രകാരം ഉപരോധങ്ങളിൽ അയവു ലഭിക്കുന്നതിനായി ഇറാൻ തങ്ങളുടെ അന്താരാഷ്ട്ര ആണവപദ്ധതിയിൽ കർശന നിയന്ത്രണങ്ങൾക്ക് സമ്മതിച്ചിരുന്നു. 2018ൽ യുഎസ് ഇതിൽനിന്ന് പിന്മാറുകയും വീണ്ടും ചില ഉപരോധങ്ങൾക്ക് മുതിരുകയും ചെയ്തു.
ഇറാൻ ഒരിക്കലും ആണവായുധം കൈവശപ്പെടുത്താൻ പാടില്ലെന്നും ഓഗസ്റ്റ് മാസത്തോടെ ഇക്കാര്യത്തിൽ പരിഹാരമാർഗം കണ്ടെത്താനായില്ലെങ്കിൽ ഉപരോധങ്ങൾ വീണ്ടും കൊണ്ടുവരുമെന്നും യൂറോപ്യൻ രാജ്യങ്ങളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എന്നാൽ, ഇത്തരം കാര്യങ്ങൾ ചെയ്യാനുള്ള ധാർമികമോ രാഷ്ട്രീയമോ ആയ അവകാശം ഈ രാജ്യങ്ങൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിന് അയച്ച കത്തിൽ അവകാശപ്പെട്ടു.
യുഎസിനും ഇസ്രയേലിനും ഇറാനുമേൽ സൈനിക നടപടി നടത്താൻ സഹായം ചെയ്ത രാജ്യങ്ങളാണ് ഇവയെന്നും അരാഗ്ചി കുറ്റപ്പെടുത്തി.