യൂലിയ സിറിഡെങ്കോ യുക്രെയ്ൻ പ്രധാനമന്ത്രി
Thursday, July 17, 2025 11:54 PM IST
കീവ്: യൂലിയ സിറിഡെങ്കോ യുക്രെയ്ന്റെ പുതിയ പ്രധാനമന്ത്രി. ഇതു സംബന്ധിച്ച് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി നല്കിയ ശിപാർശ പാർലമെന്റ് ഇന്നലെ അംഗീകരിച്ചു.
39 വയസുള്ള യൂലിയ ധനമന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിമാരിലൊരാളും ആയിരുന്നു. യുക്രെയ്ന്റെ പ്രകൃതിവിഭവങ്ങൾ അമേരിക്കയുമായി പങ്കുവയ്ക്കാനുള്ള കരാർ സംബന്ധിച്ച ചർച്ചകൾക്കു നേതൃത്വം നല്കിയത് യൂലിയ ആണ്.
റഷ്യൻ അധിനിവേശം നേരിടാൻ അമേരിക്കയെ ആശ്രയിക്കുന്ന യുക്രെയ്നു യൂലിയയുടെ നേതൃത്വം ഗുണകരമാകുമെന്ന് പ്രസിഡന്റ് സെലൻസ്കി കണക്കുകൂട്ടുന്നു.
ഇപ്പോഴത്തെ പ്രധാനമന്ത്രി ഡെന്നിസ് ഷ്മൈഹലിനെ പ്രതിരോധമന്ത്രിയായിട്ടാണു നിയമിച്ചിരിക്കുന്നത്. പ്രതിരോധമന്ത്രി റുസ്തം ഉമറോവ് അടുത്ത യുഎസ് അംബാസഡറാകും.