ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങൾക്കു നാറ്റോ മേധാവിയുടെ ഭീഷണി
Thursday, July 17, 2025 12:52 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യയുമായി വ്യാപരബന്ധം തുടർന്നാൽ ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങൾ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ സെക്രട്ടറി ജനറൽ മാർക്ക് റട്ടെ. ചൊവ്വാഴ്ച അമേരിക്കയിൽ സെനറ്റർമാരുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിങ്ങൾ ബെയ്ജിംഗിലോ ഡൽഹിയിലോ ജീവിക്കുന്നയാളാണോ, അല്ലെങ്കിൽ നിങ്ങൾ ബ്രസീലിന്റെ പ്രസിഡന്റാണോ എങ്കിൽ ഇക്കാര്യം ശ്രദ്ധിച്ചു കേൾക്കുക. കാരണം ഇതു നിങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. നിങ്ങൾ ഉടൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ഫോണിൽ വിളിക്കണം.
യുക്രെയൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ ഗൗരവമായി കാണണമെന്ന് പുടിനോട് ആവശ്യപ്പെടണം. അല്ലെങ്കിൽ വൻ പ്രത്യാഘാതമായിരിക്കും ഇന്ത്യയും ചൈനയും ബ്രസീലും നേരിടേണ്ടിവരുക”-റട്ടെ പറഞ്ഞു.
നേരത്തേ റട്ടുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ ഉത്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കു നൂറു ശതമാനം ചുങ്കം ചുമത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. 50 ദിവസത്തിനുള്ളിൽ പുടിൻ വെടിനിർത്തലിനു തയാറായില്ലെങ്കിലാണു ചുങ്കം നിലവിൽവരുക.
റഷ്യയിൽനിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്നത് ചൈനയും ഇന്ത്യയുമാണ്. ഇന്ത്യ, ചൈന, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ബ്രിക്സ് കൂട്ടായ്മയ്ക്കേതിരേ ട്രംപ് കൂടെക്കൂടെ ഭീഷണി മുഴക്കുന്നുണ്ട്.