മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ
Sunday, July 13, 2025 1:01 AM IST
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത് 100 കിലോ വരുന്ന കത്തുകൾ.
എല്ലാ രാജ്യങ്ങളിൽനിന്നും കത്തുകൾ ലഭിക്കാറുണ്ടെന്നും ഏതു രാജ്യത്തുനിന്നാണ് കൂടുതൽ കത്തുകൾ ലഭിക്കുന്നതെന്നു പരിശോധിച്ചിട്ടില്ലെന്നും ഇറ്റാലിയൻ തപാൽ സർവീസിന്റെ റോമിലെ ഫ്യുമിചീനോ സോർട്ടിംഗ് സെന്റർ മേധാവി അന്റോണെല്ലോ ചിദിചിമോ പറഞ്ഞു.
മാർപാപ്പയ്ക്കുള്ള കത്തുകളും പോസ്റ്റ്കാർഡുകളും ഫ്യുമിചീനോ സോർട്ടിംഗ് സെന്ററിൽ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കുകയും കംപ്യൂട്ടർ നിയന്ത്രിത റെക്കോർഡിംഗ്, വെയിംഗ് മെഷീൻ ഉപയോഗിച്ച് പ്രോസസ് ചെയ്യുകയും ചെയ്യുന്നു. തുടർന്ന് വത്തിക്കാനിലെ വിതരണ കേന്ദ്രത്തിൽ എത്തിച്ചു കൈമാറും.
മാർപാപ്പ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ കുട്ടികൾ കത്തുകളും കുറിപ്പുകളും ചിത്രങ്ങളും അദ്ദേഹത്തിന് കൈമാറാറുണ്ട്. ഫ്രാൻസിസ് മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ രോഗവിവരങ്ങൾ തേടി കുട്ടികളുടേതടക്കം ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി ദിവസേന നൂറുകണക്കിന് കത്തുകളാണ് ലഭിച്ചിരുന്നത്.