കനത്ത മഴ: നേപ്പാളിൽ 18 പേരെ കാണാതായി, പാലം ഒഴുകിപ്പോയി
Wednesday, July 9, 2025 5:50 AM IST
കാഠ്മണ്ഡു: കനത്ത മഴയിൽ നേപ്പാളിൽ 18 പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇവരിൽ ആറ് ചൈനീസ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം നേപ്പാളിനെയും ചൈനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലവും ഇന്നലെ തകർന്നു.
ചൈനയിൽ തുടർച്ചയായി തകർത്തു പെയ്യുന്ന കാലവർഷമാണ് തിങ്കളാഴ്ച രാത്രിയോടെ നേപ്പാളിലെ ഭോതെകോഷി നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായത്. ഇന്നലെ പുലർച്ചെ 3.15ന് റസുവ ജില്ലയിലെ മിതേരി പാലം ഒഴുകിപ്പോകുകയായിരുന്നു. നേപ്പാൾ സൈന്യം, പോലീസ്, ആംഡ് പോലീസ് ഫോഴ്സ് എന്നിവർ സംയുക്തമായി നടത്തുന്ന രക്ഷാദൗത്യത്തിൽ രണ്ട് പോലീസുകാരടക്കം 11 പേരെ രക്ഷപ്പെടുത്തി.
ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത അഞ്ച് ഇലക്ട്രിക് വാഹനങ്ങളും നിരവധി വീടുകളും ഒഴുകിപ്പോയെന്നാണ് വിവരം. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.