ഹെയ്തിയിൽ തട്ടിക്കൊണ്ടുപോയ മിഷണറിയെയും സംഘത്തെയും മോചിപ്പിച്ചു
Sunday, August 31, 2025 1:37 AM IST
ഡബ്ലിൻ: ഹെയ്തി തലസ്ഥാനമായ പോർട്ട് ഒ പ്രിൻസിലെ സെന്റ് ഹെലേന അനാഥാലയത്തിൽനിന്നു സായുധസംഘം തട്ടിക്കൊണ്ടുപോയ ഐറിഷ് മിഷണറിയടക്കം എട്ടുപേർ മോചിതരായി.
സ്ഥാപനത്തിന്റെ ഡയറക്ടറും 1993 മുതൽ മേഖലയിൽ മിഷണറിയുമായ അയർലൻഡ് സ്വദേശിനി ജെന ഹെറാത്തിയെയും അനാഥാലയത്തിലെ മൂന്നു വയസുള്ള കുട്ടിയെയും ആറു ജീവനക്കാരെയുമാണ് മോചിപ്പിച്ചത്.
കഴിഞ്ഞ മൂന്നിനാണ് ഇവരെ സായുധസംഘം തട്ടിക്കൊണ്ടുപോയത്. മോചനവിവരം അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് അറിയിച്ചത്. എട്ടുപേരും സുരക്ഷിതരായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ദികളുടെ മോചനത്തിനായി അയർലൻഡ് സർക്കാർ സജീവമായി ഇടപെട്ടിരുന്നു.
ഇരുനൂറോളം അനാഥക്കുട്ടികളെ പരിപാലിക്കുന്ന കേന്ദ്രമാണിത്. നിയമത്തെ വെല്ലുവിളിച്ച് സായുധസംഘങ്ങൾ വിലസുന്ന ഹെയ്തിയിൽ ദിവസവും ഇത്തരത്തിൽ പണമാവശ്യപ്പെട്ടും മറ്റും തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ നടക്കാറുണ്ട്.
2021ൽ മാവൊസ ഗാംഗിൽപ്പെട്ട സായുധസംഘം 12 മിഷണറിമാരെയും അഞ്ചു കുട്ടികളെയും തട്ടിക്കൊണ്ടുപോയിരുന്നു. മൂന്നുമാസത്തിനു ശേഷമാണ് ഇവരെ മോചിപ്പിച്ചത്. ഈ വർഷം ആറു മാസത്തിനിടെ ഹെയ്തിയിൽ സായുധസംഘങ്ങൾ 3000 പേരെ കൊലപ്പെടുത്തിയെന്നും 336 പേരെ തട്ടിക്കൊണ്ടുപോയെന്നുമാണ് യുഎൻ ചൂണ്ടിക്കാട്ടുന്നത്.