ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ നീക്കംചെയ്യാൻ ട്രംപിന്റെ ഉത്തരവ്
Wednesday, August 27, 2025 2:29 AM IST
വാഷിംഗ്ടൺ: യുഎസിന്റെ സെൻട്രൽ ബാങ്ക് ആയ ഫെഡറൽ റിസർവിന്റെ ഗവർണർ ലിസ കുക്കിനെ തത്സ്ഥാനത്തുനിന്നും നീക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇത് അസാധാരണ നടപടിയാണെന്നു വിലയിരുത്തപ്പെടുന്നു.
മോർട്ട്ഗേജ് ഇടപാടുകളെ സംബന്ധിച്ച് വ്യാജ പ്രസ്താവനകളും തട്ടിപ്പും നടത്തിയെന്ന് ആരോപണമാണ് ഇവർക്കെതിരേ ട്രംപ് തന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഉന്നയിച്ചത്.
ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ആഫ്രോ-അമേരിക്കൻ വംശജയാണു ലിസ കുക്ക്. മുൻ പ്രസിഡന്റ് ജോ ബൈഡനാണ് കുക്കിനെ നിയമിച്ചത്. ഇവരെ നീക്കാൻ തനിക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന്ട്രംപ് പറഞ്ഞു. എന്നാൽ, അത്തരം അധികാരം പ്രസിഡന്റിന് ഇല്ലെന്നും രാജി വയ്ക്കില്ലെന്നും കുക്ക് പ്രതികരിച്ചു.
യുഎസ് സെൻട്രൽ ബാങ്കിന്റെ അധികാരത്തിന്മേൽ കൈകടത്തുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും ട്രംപിനെതിരേ ഉയരുന്നുണ്ട്. കുക്ക് ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങൾ ട്രംപ് ആഗ്രഹിക്കുന്നതുപോലെ പലിശ കുറയ്ക്കാൻ കൂട്ടാക്കാത്തതാണു നടപടിക്കു കാരണം. നീക്കത്തെ നിയമപരമായി ചെറുക്കുമെന്ന് കുക്കിന്റെ അഭിഭാഷകൻ അറിയിച്ചു.