ആഗോള വാഹനവിപണി കീഴടക്കാൻ ഇ-വിറ്റാര
Tuesday, August 26, 2025 11:01 PM IST
അഹമ്മദാബാദ്: മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ‘മാരുതി ഇ-വിറ്റാര’ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. ഗുജറാത്തിലെ ഹന്‍സല്‍പുരില്‍ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകള്‍ നിര്‍മിക്കാനുള്ള പ്ലാന്റിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ലോകം മുഴുവന്‍ ഓടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് നിക്ഷേപം നടത്തുന്നത് എന്നത് പ്രധാനമല്ല. മറിച്ച് ഉത്പന്നം നിര്‍മിക്കുന്നതിനുള്ള കഠിനാധ്വാനം ഇന്ത്യക്കാരുടേതായിരിക്കണം എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ആ രീതിയില്‍, മാരുതി സുസുക്കി ഒരു സ്വദേശി കമ്പനികൂടിയാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ കെയ്ച്ചി ഒനോ എന്നിവര്‍ സന്നിഹിതരായിരുന്നു.
പൂർണമായും തദ്ദേശീയമായി നിർമിക്കുന്ന ഇ-വിറ്റാര നൂറിലധികം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. ലിഥിയം-അയണ്‍ ബാറ്ററി നിർമാണ പ്ലാന്റ് കൂടി ആരംഭിച്ചതോടെ സുസുക്കിയുടെ ആഗോള നിർമാണ കേന്ദ്രമായി ഇന്ത്യ മാറുകയും ചെയ്യും.
ലോകവ്യാപകമായി യൂറോപ്പിലാണ് ഇ-വിറ്റാര ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽ ഈ വർഷം ആദ്യം ഡൽഹിയിൽ നടന്ന ‘2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ’യിൽ വാഹനം പ്രദർശിപ്പിക്കുകയും ചെയ്തു.
ടൊയോട്ടയുമായി ചേർന്നു വികസിപ്പിച്ച 40പിഎൽ ഡെഡിക്കേറ്റഡ് പ്ലാറ്റഫോമിലാണ് ഈ മോഡൽ നിർമിച്ചിരിക്കുന്നത്. ഇതേ പ്ലാറ്റ്ഫോമിൽ ടൊയോട്ടയുടെ ആർബൻ ക്രൂയിസർ ഇവിയും ഉത്പാദിപ്പിക്കും. എന്തായാലും ഈ വർഷം തന്നെ ഇ-വിറ്റാര ഇന്ത്യയിൽ പുറത്തിറക്കാനാണ് സാധ്യത.
മാരുതി ഇ-വിറ്റാരയ്ക്ക് ലിഥിയം അയണ്‍-ഫോസ്ഫേറ്റ് (എൽഎഫ്പി) ബാറ്ററിയുടെ രണ്ട് പായ്ക്കാണ് (49kWh , 61kWh) ഉള്ളത്. ഒറ്റ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ എസ്യുവിക്ക് കഴിയുമെന്നാണ് കന്പനി അവകാശപ്പെടുന്നത്. 18 ഇഞ്ച് അലോയ് വീലുകളുള്ള ഇ-വിറ്റാരയ്ക്ക് 4,275 മില്ലിമീറ്റർ നീളവും 1,800 മില്ലിമീറ്റർ വീതിയും 1,635 മില്ലിമീറ്റർ ഉയരവുമുണ്ട്. 2,700 മില്ലിമീറ്ററാണ് ഇതിന്റെ വീൽബേസ്. ഇന്ത്യൻ റോഡുകൾക്ക് പര്യാപ്തമായ 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് നൽകിയിട്ടുണ്ട്. 1,702 കിലോഗ്രാം മുതൽ 1,899 കിലോഗ്രാം വരെയാണ് ഭാരം.
ആറ് സിംഗിൾ-ടോണ്‍, നാലു ഡ്യുവൽ-ടോണ്‍ ഓപ്ഷനുകൾ അടക്കം പത്തോളം എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാവും ഇവി വിപണിയിൽ എത്തുക. ഏകദേശം 20 ലക്ഷം രൂപയാണ് വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. മഹീന്ദ്ര ബിഇ6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, എംജി സെഡ്എസ് ഇവി തുടങ്ങിയ എസ്യുവികളായിരിക്കും ഇ-വിറ്റാരയുടെ പ്രധാന എതിരാളികൾ.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഓട്ടോമോട്ടീവ് നിർമാണ കേന്ദ്രങ്ങളിലൊന്നാണ് ഗുജറാത്തിലെ ഹൻസൽപുരിലെ മാരുതി സുസുക്കിയുടെ അത്യാധുനിക പ്ലാന്റ്. 7,50,000 കാറുകളാണ് പ്ലാന്റിന്റെ വാർഷിക ഉത്പാദന ശേഷി.
രാജ്യത്തെ ആദ്യ ലിഥിയം-അയൺ ബാറ്ററി സെല്ലുകളും ഇലക്ട്രോഡുകളും നിർമിക്കുന്ന ഹൈബ്രിഡ് വാഹന പ്ലാന്റിനും ഉടൻ തുടക്കം കുറിക്കും. ഹൻസനൽപുരിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. തോഷിബ, ഡെൻസോ, സുസുകി എന്നീ കന്പനികളുടെ സംയുക്ത സംരംഭമാണിത്.