കാർ വിപണിയിൽ ഇവിയിലേക്കുള്ള മാറ്റം മെല്ലെ: മോഹൻ വിൽസൺ
Tuesday, August 26, 2025 11:01 PM IST
കൊച്ചി: ആഗോളതലത്തിൽ കാർ വിപണിയിൽ ഇലക്ട്രിക് വെഹിക്കിൾ (ഇവി) മോഡലുകളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം സാവധാനത്തിൽ മാത്രമെന്നു നിസാൻ ഇന്ത്യ മാർക്കറ്റിംഗ് ആൻഡ് കോർപറേറ്റ് സ്ട്രാറ്റജി ഡയറക്ടർ മോഹൻ വിൽസൺ ചൂണ്ടിക്കാട്ടി.
യൂറോപ്പിലും അമേരിക്കയിലും ഇവി എത്തിയപ്പോഴുണ്ടായിരുന്ന ചുവടുമാറ്റത്തിന്റെ വേഗത ഇപ്പോഴില്ല. അവിടെയെല്ലാം ഇലക്ട്രിക് കാറുകളുടെ വില്പന കുറഞ്ഞെന്നും നിസാന്റെ ഇന്ത്യൻ വിപണിയെക്കുറിച്ചു വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആകെ കാർ വില്പനയിൽ മൂന്നു ശതമാനത്തിൽ താഴെയാണ് ഇവിയുടെ ഉപഭോക്താക്കൾ. വിപണിയുടെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ വിലയിരുത്തിയാകും നിസാൻ ഇവി രംഗത്തേക്ക് ചുവടുവയ്ക്കുക.
സാൻ മാഗ്നൈറ്റ് കോംപാക്ട് എസ്യുവി ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യത നേടിയതോടെ രാജ്യത്ത് നിസാൻ കുടുംബം വിപുലീകരിക്കപ്പെട്ടു. സുരക്ഷാ റേറ്റിംഗിൽ മാഗ്നൈറ്റിനു ഫൈവ് സ്റ്റാർ റേറ്റിംഗ് നേടാനായത് ഉപഭോക്താക്കളിൽ ഉണർവുണ്ടാക്കി.
പൂർണമായും ഇന്ത്യയിൽ നിർമിച്ച കാർ എന്നതും നിസാൻ മാഗ്നൈറ്റിനെ കാർ പ്രേമികൾക്കു പ്രിയപ്പെട്ടതാക്കി. ചെന്നൈയിലാണ് നിർമാണ യൂണിറ്റ്. 66 രാജ്യങ്ങളിലേക്കു മാഗ്നൈറ്റ് കയറ്റുമതി ചെയ്യുന്നുണ്ട്.
ആറ് എയർബാഗുകളടക്കം 40ഓളം സ്റ്റാർഡേർഡ് സുരക്ഷാ സവിശേഷതകളോടെയാണ് നിസാന്റെ പുതിയ മാഗ്നൈറ്റ് എത്തിയത്. പുതിയ ബ്ലാക്ക് കുറോ സ്പെഷൽ എഡിഷൻ കേരളത്തിൽ മികച്ച വില്പന രേഖപ്പെടുത്തുന്നുണ്ട്. നിസാന്റെ രാജ്യത്തെ ആകെ വില്പനയുടെ 15-20 ശതമാനം കേരളത്തിലാണ്.
കേരളത്തിൽ അന്പത് ഔട്ട്ലെറ്റുകളുണ്ട്. ഇന്ത്യൻ വിപണിക്കായി മൂന്നു പുതിയ മോഡലുകൾ വൈകാതെ അവതരിപ്പിക്കുമെന്നും മോഹൻ വിൽസൺ പറഞ്ഞു. മൾട്ടി പർപ്പസ് വെഹിക്കിളും (എംപിവി), എസ് യുവികളുമാണ് ഉടൻ വിപണിയിലെത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജർമനിയിൽ ജനിച്ച മോഹൻ വിൽസണിന് തിരുവല്ല വെണ്ണിക്കുളത്തു കുടുംബവേരുകളുണ്ട്.