മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്കാരം കെഎസ്ഐഇ നേടി
Tuesday, August 26, 2025 11:01 PM IST
തിരുവനന്തപുരം: മികച്ച പ്രകടനത്തിനുള്ള പൊതുമേഖലാ സ്ഥാപനത്തിനായി വ്യവസായ വാണിജ്യ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന് (കെഎസ്ഐഇ) ലഭിച്ചു. 2024-25 കാലയളവിലെ മികച്ച പ്രകടനത്തിനാണു പുരസ്കാരം ലഭിച്ചത്.
അന്പതു കോടിക്കും 100 കോടിക്കും ഇടയിൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിലാണു കെഎസ്ഐഇ പുരസ്കാരത്തിന് അർഹമായത്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളനുസരിച്ച് ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ (ബിപിടി) ആണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തിയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വ്യവസായ സാധ്യതകളും തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്തിയ ഒരേയൊരു പൊതുമേഖലാ സ്ഥാപനവും കെഎസ്ഐഇ ആണ്. ഉത്പാദന, സേവനമേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കെഎസ്ഐഇ ആരംഭിച്ചിട്ടുണ്ടെന്ന് കന്പനി എംഡി ഡോ. ബി. ശ്രീകുമാർ അറിയിച്ചു. 1973 മുതൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കന്പനിയാണിത്.
നിലവിൽ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ കാർഗോ പ്രവർത്തനങ്ങൾ, കോഴിക്കോട്ടെ കേരള സോപ്സ്, കളമശേരിയിലെ കൊച്ചിൻ ഇന്റർനാഷണൽ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ എന്നിവയാണ് കെഎസ്ഐഇയുടെ പ്രധാന പ്രവർത്തന മേഖലകൾ.
ഇതിനു പുറമെ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ ബിസിനസ് സെന്ററുകൾ വഴി ഉത്പന്നങ്ങൾ വിപണനം നടത്തുകയും തലസ്ഥാനത്തുള്ള ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.