രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു
Tuesday, August 26, 2025 1:50 AM IST
ഇരിട്ടി: ലൈംഗിക ആരോപണത്തിൽ കുരുങ്ങിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഇരിട്ടിയിലെ വസതിയിൽ പത്രസമ്മേളനം വിളിച്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
""രാഹുൽ ഇനി കോൺഗ്രസിന്റെ നിയമസഭാ കക്ഷി അംഗമല്ല. പാർട്ടിക്കോ നിയമപരമായോ ഇതുവരെ പരാതികളൊന്നും ഇല്ലാത്ത സ്ഥിതിക്ക് എംഎൽഎസ്ഥാനം രാജിവച്ചുള്ള പരമ്പര്യമോ കീഴ്വഴക്കമോ ഇതുവരെ ഉണ്ടായിട്ടുമില്ല.
രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങൾ ഗൗരവത്തോടെ പാർട്ടി കാണുന്നു. ആരോപണം ഉയർന്നപ്പോൾത്തന്നെ പരാതികൾക്കോ കേസുകൾക്കോ കാത്തുനിൽക്കാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ഭാരവാഹിത്വത്തിൽനിന്നു മാറിനില്ക്കാനുള്ള രാഹുലിന്റെ തീരുമാനം മാതൃകയാണ്.
പ്രതിപക്ഷനേതാവും പാർട്ടിയിലെ മറ്റു മുതിർന്ന നേതാക്കളുമായി കൂടിയാലോചനകളും യുഡിഎഫ് കൺവീനറുമായും മറ്റു നേതാക്കളുമായും ആശയവിനിമയവും നടത്തി ഏകകണ്ഠമായാണു പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്’’-സണ്ണി ജോസഫ് പറഞ്ഞു.
""പരാതികൾ ലഭിക്കാത്ത സാഹചര്യത്തിൽ രാഹുൽ എംഎൽഎസ്ഥാനം രാജിവയ്ക്കണമെന്ന് എതിരാളികൾ ആവശ്യപ്പെടുന്നതിൽ യുക്തിയും ധാർമികതയും ഇല്ല. ഗുരുതരമായ കേസുകളും എഫ്ഐആർ ചാർജ് ഷീറ്റ് നൽകിയിട്ടും എംഎൽഎസ്ഥാനം രാജിവയ്ക്കാത്ത നിരവധി സംഭവങ്ങൾ കേരളത്തിലുണ്ട്.
അത് ആരാണെന്നു ഞാൻ പറയുന്നില്ല. എല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. കോൺഗ്രസ് പാർട്ടി സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും മാന്യതയും സുരക്ഷിതത്വവും സംരക്ഷിക്കാൻ എന്നും പ്രതിജ്ഞാബദ്ധമാണ്’’- സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
കടലാസുമായി എത്തി, വായിച്ചു മടങ്ങി
ഇരിട്ടി: രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിനെ എത്രത്തോളം പ്രതിസന്ധിയിലാക്കിയെ ന്നതിനു തെളിവായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പത്രസമ്മേളനം.
പ്രസിഡന്റിന്റെ ശരീരഭാഷയിൽ ഇത് തീർത്തും പ്രകടമായിരുന്നു. പതിവുശൈലിയിൽനിന്നു വ്യത്യസ് തമായി അല്പം ഗൗരവത്തിൽതന്നെയായിരുന്നു അദ്ദേഹം മാധ്യമങ്ങളെ സമീപിച്ചത്.
ഉപതെരഞ്ഞെടുപ്പ് ഭീതിയാണോ രാഹുൽ മാങ്കൂട്ടത്തിന്റെ എംഎൽഎ സ്ഥാനം നിലനിർത്തുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അങ്ങനെയെങ്കിൽ പീരുമേട് മുന്പിൽ ഉണ്ടല്ലോ എന്ന മറുചോദ്യമാണു പ്രസിഡന്റ് തിരിച്ചു ചോദിച്ചത്.
ഉപതെരഞ്ഞെടുപ്പിനെ കോൺഗ്രസ് ഭയപ്പെടുന്നില്ല. ഇത് പാർട്ടിയുടെ എല്ലാ തലത്തിലുമുള്ള നേതാക്കളോടും ആലോചിച്ചെടുത്ത തീരുമാനമാണെ ന്നു പറഞ്ഞ് മറ്റ് ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.