പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാൻ വി. നാരായണൻ ?
Tuesday, August 26, 2025 1:50 AM IST
കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം നേതാവായ വി. നാരായണന് അഞ്ചര പതിറ്റാണ്ടിലേറെയായുള്ള തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടിയിലെ അതൃപ്തിയാണു കാരണം.
പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ജില്ലാ കമ്മിറ്റിക്കു കത്തുകൊടുത്തു. കൂടാതെ പയ്യന്നൂര്‍ സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്.
പാർട്ടി നിയന്ത്രണത്തിലുള്ള റൂറൽ ബാങ്കിനു സ്ഥലം വാങ്ങിയതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി നേതൃത്വത്തിനു നൽകിയ പരാതിയിൽ പരാതിക്കാർക്കെതിരേ ഏകപക്ഷീയമായി അച്ചടക്ക നടപടി സ്വീകരിച്ചതാണ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം.