ജനാധിപത്യം അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കൂട്ടുനിൽക്കുന്നു: രമേശ് ചെന്നിത്തല
Monday, August 25, 2025 2:43 AM IST
തിരുവനന്തപുരം: ജനാധിപത്യം ആസൂത്രിതമായി അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍തന്നെ കൂട്ടുനില്‍ക്കുന്ന അവസ്ഥയിൽ ഇന്ത്യന്‍ ജനാധിപത്യം എത്തിനിൽക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി തെളിവു സഹിതം പുറത്തു കൊണ്ടുവന്ന വോട്ട് ചോരി ആദ്യം കണ്ടെത്തിയത് കേരളത്തില്‍ തന്നെയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2021ല്‍ അവസാന വോട്ടര്‍പട്ടിക പരിശോധിക്കുമ്പോഴാണ് കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നടന്ന ഗൗരവമായ വ്യാജവോട്ട് വര്‍ധന ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് 2021 മാര്‍ച്ച് 17ന് കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഈ വെട്ടിപ്പിന്റെ വിശദമായ വിവരങ്ങള്‍ താന്‍ പുറത്തുവിട്ടത്. പല വോട്ടര്‍മാരുടെയും ഫോട്ടോയും വിലാസവും ഉയോഗിച്ച് പല പല ബൂത്തുകളില്‍ കള്ളവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിരിരുന്നു. വ്യത്യസ്ത ഐഡി കാര്‍ഡുകളും വിതരണം ചെയ്യപ്പെട്ടിരുന്നു. ഇതേപോലെ ലക്ഷക്കണക്കിന് വ്യാജ വോട്ടുകളാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്.
140 മണ്ഡലങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ അമ്പരപ്പിക്കുന്ന തരത്തിലുള്ള വോട്ട് ഇരട്ടിപ്പുകളും കള്ള വോട്ടുകളുമാണ് കണ്ടെത്തിയത്. ആകെ 4.34 ലക്ഷം വോട്ട് ഇരട്ടിപ്പുകളോ വ്യാജ വോട്ടുകളോ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തി. വ്യക്തമായ തെളിവുകളോടെ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ഇതില്‍ 38,000 വോട്ടുകള്‍ ഇരട്ട വോട്ടുകളാണെന്ന് ഒടുവില്‍ കമ്മീഷന് സമ്മതിച്ചു. ശേഷിക്കുന്നവയുടെ കാര്യത്തില്‍ സാങ്കേതിക പരിമിതികള്‍ കാരണം പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷന് നിലപാടെടുത്തു.
തുടര്‍ന്ന് ഹൈക്കോടതി ഇരട്ടിപ്പായി കണ്ടെത്തിയ വോട്ടുകള്‍ നീക്കം ചെയ്യാനും കള്ളവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താനും 2021 മാര്‍ച്ച് 31ന് ഉത്തരവിട്ടു. ഇതനുസരിച്ച് എത്ര വോട്ടുകള്‍ നീക്കം ചെയ്തു എന്ന് ഇപ്പോഴും വ്യക്തമല്ല. തെരഞ്ഞെടുപ്പു കമ്മീഷന് ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ഞങ്ങള്‍ക്ക് നല്‍കിയില്ല. യഥാര്‍ഥത്തില്‍ ഞങ്ങള്‍ അന്ന് കണ്ടെത്തുകയും തെളിവ് സഹിതം കമ്മീഷന് കൈമാറുകയും ചെയ്ത 4.34 ലക്ഷം വ്യാജ വോട്ടുകള്‍ക്കപ്പുറം ഏതാണ്ട് 10 ലക്ഷത്തിലേറെ വ്യാജവോട്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം എന്നാണ് അന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫും കണക്കു കൂട്ടിയത്. അതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്നത്.
ഇതുവരെയും ഇതുമായി ബന്ധപ്പെട്ട കാതലായ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ഇനിയും ഉത്തരം നല്‍കിയില്ല. ആരാണ് ഈ വ്യാജവോട്ടുകള്‍ ചേര്‍ത്തത്, എത്രയെണ്ണം നീക്കം ചെയ്തു തുടങ്ങി കമ്മീഷനോടു ചോദിച്ച ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. ഈ അട്ടിമറിക്കു കാരണക്കാരെ കണ്ടെത്താനുമായില്ല. ഈ 4.34 ലക്ഷം വോട്ടര്‍മാര്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തിലും ഇനിയും ഉത്തരമില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഈ വ്യാജവോട്ടര്‍മാര്‍ ഉണ്ടാകുമോ എന്നും അറിയില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് പലതവണ ചോദ്യമുന്നയിച്ചിട്ടും കമ്മീഷന് ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടുന്നില്ല. മറുപടി തരേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്.
കേരളത്തില്‍ നടന്ന ഇത്തരമൊരു പ്രതിഭാസത്തിന്റെ അതിഭീകരമായ ഒരു തുടര്‍ച്ചയാണ് ഇപ്പോള്‍ രാജ്യമൊട്ടാകെ നടന്നതായി മനസിലാകുന്നത്. രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിഷധിക്കാവുന്നതല്ല. തെരഞ്ഞടുപ്പ് കമ്മീഷന് എന്തൊക്കെയോ മറയ്ക്കാനുണ്ട്.
മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഹരിയാനയിലുമൊക്കെ വ്യാജവോട്ടര്‍മാരെ അധികം ചേര്‍ത്താണ് വോട്ടര്‍പട്ടിക ഉണ്ടാക്കി ജനാധിപത്യം അട്ടിമറിച്ചതെങ്കില്‍ ബിഹാറില്‍ വ്യത്യസ്തമായ നിലപാടാണ് ബിജെപിയും കമ്മീഷനും സ്വീകരിച്ചത്. കാരണം ഈ വ്യാജവോട്ടര് പരിപാടി പ്രതിപക്ഷം കണ്ടെത്തി. പകരം ബിഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ നിര്‍ദാക്ഷിണ്യം വെട്ടിമാറ്റാനായിരുന്നു തീരുമാനം. എതിര്‍പാര്‍ട്ടിക്കാരെയും ന്യൂനപക്ഷങ്ങളെയും വെട്ടിമാറ്റുന്നതിലൂടെ വീണ്ടും ജനാധിപത്യത്തെ അട്ടിമറിച്ച് വിജയം കണ്ടെത്താനുള്ള നീക്കം പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിലൂടെ കോടതിയില്‍ എത്തുകയും കോടതി ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുക്കുകയും ചെയ്തു.
ഈ കള്ളത്തരം കാട്ടുന്ന എല്ലാ തെരഞ്ഞടുപ്പ് കമ്മീഷണര്‍മാര്‍ക്കും നിയമപരമായ പരിരക്ഷയും ബിജെപി ഒരുക്കിയിട്ടുണ്ട്. ഈ പദവി വഹിക്കുന്ന കാലയളവിലെ ഈ ഉദ്യോഗസ്ഥരുടെ പ്രവൃത്തികള്‍ക്കെതിരേ കോടതികള്‍ക്കുപോലും പിന്നീട് നടപടിയെടുക്കാന്‍ കഴിയാത്ത തരത്തിലുള്ള ബിൽ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കി നിയമമാക്കി.
ഇന്ത്യ അപകടകരമായ ഒരു ദശാസന്ധിയിലാണ്. ജനാധിപത്യത്തെ ആസൂത്രിതമായി അട്ടിമറിച്ചും രാഷ്ട്രീയ എതിരാളികളെ വേട്ടയാടിയും പൊതുജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം പോലും കരിനിയമങ്ങളാല്‍ ഹനിച്ചും ഏകാധിപത്യത്തിന്റെ വഴി നടത്തിക്കാനാണ് ശ്രമം. ഇത് ചെറുക്കാനും ജനാധിപത്യം തിരിച്ചു പിടിക്കാനും ഇന്ത്യയിലെ ഓരോ പൗരനും ഈ ധര്‍മയുദ്ധത്തില്‍ പങ്കാളിയാകേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.