കായിക വളർച്ചയ്ക്ക് കൃത്യമായ പദ്ധതികൾ വേണം: നവാസ് മീരാന്‍
Monday, August 25, 2025 2:43 AM IST
കൊച്ചി: കായികമേഖലയില്‍ പണം ചെലവഴിക്കുന്നത് സാമൂഹ്യസേവന പരിപാടിയല്ലെന്നും യുവജനതയ്ക്കും രാജ്യത്തിനുമുള്ള നേട്ടമാണെന്നു തിരിച്ചറിയണമെന്നും കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റും ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനുമായ നവാസ് മീരാന്‍.
കേരള മാനേജ്മെന്റ് അസോസിയേഷന്റെ കെഎംഎ ഇന്‍സൈറ്റ് എക്സ് സീരിസില്‍ ‘ദ ട്രിപ്ള്‍ പ്ലേ: സ്പോര്‍ട്സ്, നാഷണൽ ബില്‍ഡിംഗ് ആൻഡ് കോര്‍പറേറ്റ് റസ്പോണ്‍സിബിലിറ്റി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതാണു പലപ്പോഴും നമുക്ക് കായികരംഗത്ത് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാതെ പോകുന്നതിനു കാരണം. ഏതു കായിക ഇനമാണെങ്കിലും അതിന്റെ വളര്‍ച്ചയ്ക്കാവശ്യമായ പദ്ധതികള്‍ കൃത്യമായി തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് കെ. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെഎംഎ വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയറുമായ ദിലീപ് നാരായണന് സ്വാഗതവും സെക്രട്ടറി കെ. അനില്‍ വര്‍മ നന്ദിയും പറഞ്ഞു.