പ്രതിരോധിച്ച് രാഹുൽ; ശബ്ദസന്ദേശം പുറത്തുവിട്ടു
Monday, August 25, 2025 3:36 AM IST
അടൂര്‍: ആരോപണം ഉന്നയിച്ച ട്രാന്സ്വുമണ് അവന്തികയുടെ ശബ്ദസന്ദേശം പുറത്തുവിട്ട് പ്രതിരോധം തീര്‍ത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍. അവന്തിക തന്റെ സുഹൃത്താണെന്ന ആമുഖത്തോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് അവന്തിക തന്നെ വിളിച്ചിരുന്നതായി രാഹുല്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലില്നിന്നു തനിക്കു ഭീഷണിയുണ്ടോയെന്നും മോശകരമായ ഒരു സാഹചര്യം നേരിട്ടിരുന്നുവോയെന്നും ആരാഞ്ഞുകൊണ്ട് അവന്തികയെ ഒരു ചാനല്‍ പ്രവര്ത്തകന് വിളിച്ചതായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സംഭാഷണം റിക്കാര്‍ഡ് ചെയ്തത് തന്റെ ആവശ്യപ്രകാരം അവന്തിക കൈമാറുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. രാഹുലില്‍ നിന്നു തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് ഇതില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട്. തനിക്കെതിരേ സമൂഹമാധ്യമങ്ങളിലും മറ്റും ചില നീക്കങ്ങള്‍ നടക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
രാഹുലില്‍നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന വ്യക്തിയോട് ആരാണ് ഈ പ്രചാരണം നടത്തുന്നതെന്ന് അവന്തിക അന്വേഷിക്കുകയും നിലവില്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായില്ലെന്നും, അങ്ങനെയുണ്ടായാല്‍ പ്രതികരിക്കാനുള്ള നിയമസംവിധാനങ്ങളെക്കുറിച്ചും പാര്‍ട്ടി വേദികളെക്കുറിച്ചും തനിക്ക് അറിയാമെന്നും നിലവില്‍ ഒരു പാര്‍ട്ടി ചുമതലയും താന്‍ വഹിക്കുന്നില്ലെന്നും അവന്തിക പറയുന്നുണ്ട്.
നിലവിലെ മാധ്യമപ്രചാരണം പോലെ താന്‍ വലിയ കുറ്റക്കാരനാണെങ്കില്‍ അവന്തിക എന്തിനാണ് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ വിളിച്ച കാര്യം വിളിച്ചറിയിച്ചതെന്നും സംഭാഷണം റിക്കാര്‍ഡ് ചെയ്തു തനിക്കയച്ചതെന്നും രാഹുല്‍ ചോദിക്കുന്നുണ്ട്. ചാറ്റുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും രാഹുല്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ഇതര ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ വീടിനുള്ളിലേക്ക് പോയി. പ്രദേശവാസികളും അടുപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും അമ്മയും സഹോദരിയുമാണ് ഇന്നലെ രാഹുലിനൊപ്പമുണ്ടായിരുന്നത്.