തിരുവനന്തപുരത്തേക്കു പുറപ്പെട്ട രാഹുല്‍ വൈകാതെ തിരിച്ചെത്തി
Monday, August 25, 2025 3:36 AM IST
അടൂര്‍: ഇന്നലെ ഉച്ചകഴിഞ്ഞ് അടൂര്‍ മുണ്ടപ്പള്ളിയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ചശേഷം വീട്ടിനുള്ളിലേക്കു പോയ രാഹുല്‍ കുറച്ചു സമയത്തിനു ശേഷം തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തേക്കു പോകാനൊരുങ്ങുന്നു എന്ന് ശ്രുതി പരന്നതോടെ വീണ്ടും ആശയക്കുഴപ്പമുണ്ടായി. എംഎല്‍എ സ്ഥാനം രാജിവച്ചേക്കുമെന്ന പ്രചാരണത്തിനിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് നാടകീയ രംഗങ്ങളുണ്ടായത്.
വീടിനു പിറകിലെ പോര്‍ച്ചില്‍നിന്നും മുന്നിലേക്ക് കൊണ്ടുവന്ന എംഎല്‍എ ബോര്‍ഡുവച്ച കാറില്‍ അതിവേഗത്തില്‍ രാഹുല്‍ വന്നു കയറി. മാധ്യമ പ്രവര്‍ത്തകർ വീണ്ടും മൈക്കുമായി സമീപിച്ചെങ്കിലും കാര്യമായി പ്രതികരിക്കാതെ രാഹുല്‍ കയറിയ കാര്‍ വളരെ വേഗത്തില്‍ പുറത്തേക്ക് പോയി.
മാധ്യമ പ്രവര്‍ത്തകർ എംഎല്‍എയുടെ വാഹനത്തെ പിന്തുടര്ന്നുവെങ്കിലും എംസി റോഡിലൂടെ കൊട്ടാരക്കര റൂട്ടില്‍ പോയ ശേഷം പട്ടാഴിമുക്കില്നിന്നു വലത്തോട്ടു തിരിഞ്ഞ് ഇടറോഡിലൂടെ വീട്ടില്‍ തിരിച്ചെത്തി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന ശേഷം തീരുമാനങ്ങള്‍ അറിയിക്കാമെന്ന മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞതനുസരിച്ചാണ് രാഹുല്‍ യാത്ര റദ്ദാക്കിയതെന്ന് പറയുന്നു.
യുവനടി റിനിയുടെ ആരോപങ്ങള്‍ നിഷേധിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ കൂടുതല്‍ യുവതികള്‍ രാഹുലിനെതിരേ രംഗത്തു വന്നതോടെ വീട്ടില്‍നിന്ന് രാഹുൽ പുറത്തിറങ്ങിയിരുന്നില്ല.
രാഹുല്‍ ഗാന്ധിയുമായി താരതമ്യം ചെയ്തു ഫേസ്ബുക്ക് പോസ്റ്റ്
അടൂര്‍: മാധ്യമങ്ങളും എതിരാളികളും തന്നെ വേട്ടയാടുന്നുവെന്നു പറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി താരതമ്യം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു.
പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു. വീഴ്ത്താന്‍ ശ്രമിച്ചു. സ്തുതി പാടിയവര്‍ വിമര്‍ശകരായി. കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു. കാരണം, അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്. പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്. കുറിപ്പിന്റെ അവസാനം രാഹുല്‍ഗാന്ധി എന്നും എഴുതിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകര്‍ക്കൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്ന ചിത്രവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പോസ്റ്റിനെ പരിഹസിച്ചും അനുകൂലിച്ചും കമന്റുകളുണ്ട്.