ദേശീയ ശില്പശാല 29ന്
Sunday, August 24, 2025 2:11 AM IST
നെടുമ്പാശേരി: സമുദ്രമേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക- പാരിസ്ഥിതിക വിഷയങ്ങളിൽ സമഗ്ര വിവരശേഖരണത്തിനു കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവഹണ മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 29ന് നെടുമ്പാശേരി ഫ്ലോറ കൺവൻഷൻ സെന്ററിൽ ദേശീയ ശില്പശാല സംഘടിപ്പിക്കും.
മന്ത്രാലയം സെക്രട്ടറി ഡോ. സൗരഭ് ഗാർഗ്, സംസ്ഥാന ചീഫ് സെക്രട്ടറി ജയതിലക് എന്നിവർ പങ്കെടുക്കും. രാജ്യത്തെ ഒന്പത് തീരദേശസംസ്ഥാനങ്ങൾ, നാലു കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള 70 പ്രതിനിധികളും ഈ മേഖലയിലെ വിദഗ്ധരുമുൾപ്പെടെ 80ഓളം പേർ ശില്പശാലയിൽ പങ്കെടുക്കും.
സമുദ്രമേഖലയുമായി ബന്ധപ്പെട്ടു നടക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ സമുദ്ര ആവാസ വ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങൾ പഠനവിധേയമാക്കുകയാണു സമുദ്ര പാരിസ്ഥിതിക വിവരശേഖരണത്തിന്റെ ലക്ഷ്യം. സംസ്ഥാനതലത്തിൽ തമിഴ്നാട് തയാറാക്കിയ റിപ്പോർട്ട് ഈ ശില്പശാലയിൽ അവതരിപ്പിക്കും.
ആഗോള രീതിശാസ്ത്രങ്ങൾ അവലോകനം ചെയ്തു ദേശീയ ചട്ടക്കൂട് തയാറാക്കുക, സൂചകങ്ങളും ഡാറ്റാ സ്രോതസുകളും ശിപാർശ ചെയ്യുക, സമുദ്ര ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട സേവനങ്ങളും മൂല്യനിർണയ സാങ്കേതികവിദ്യകളും തിരിച്ചറിയുക എന്നിവയാണു ദേശീയ റിപ്പോർട്ടിൽ ഉൾക്കൊള്ളുക.