പീരുമേട്ടിലെ ഒഴിവ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു ; ഉപതെരഞ്ഞെടുപ്പിനു സാധ്യത കുറവ്
Saturday, August 23, 2025 1:11 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വാഴൂർ സോമൻ എംഎൽഎ അന്തരിച്ചതിനെ തുടർന്നു പീരുമേട് മണ്ഡലത്തിൽ ഒഴിവുണ്ടായ വിവരം നിയമസഭാ സെക്രട്ടേറിയറ്റ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് കത്തും ഇ മെയിലും വഴി വിവരം കൈമാറിയത്. ഒഴിവു സംബന്ധിച്ച വിജ്ഞാപനവും നിയമസഭ ഇറക്കി.
എന്നാൽ, 15-ാം കേരള നിയമസഭയ്ക്ക് എട്ടുമാസം മാത്രം കാലാവധി അവശേഷിക്കേ പീരുമേട് ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങാൻ സാധ്യത കുറവാണെന്ന സൂചനയുമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി, വിജ്ഞാപനവും വന്നു തെരഞ്ഞെടുപ്പു നടത്തിക്കഴിയുന്പോൾ, തെരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന്റെ കാലാവധി ആറു മാസത്തിൽ താഴെയാകും.
ജനപ്രാതിനിധ്യ നിയമ ഭേദഗതി പ്രകാരം ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് സ്വമേധയാ തീരുമാനമെടുക്കാനാകും. ഇത് ഉപയോഗിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ പീരുമേട് ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങാനുള്ള സാധ്യത കുറവാണെന്നാണു ബന്ധപ്പെട്ട അധികൃതർ നൽകുന്ന സൂചന.
2026 ഫെബ്രുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരാൻ സാധ്യതയുള്ള സാഹചര്യം കൂടി കണക്കിലെടുക്കുന്നുണ്ട്. ഇത്തരമൊരു റിപ്പോർട്ടാകും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറുക.
14-ാം കേരള നിയമസഭയുടെ കാലയളവിൽ അംഗങ്ങളുടെ നിര്യാണത്തെ തുടർന്ന് നാല് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കിയിരുന്നു. കുട്ടനാട്, ചങ്ങനാശേരി, ചവറ, കോങ്ങാട് മണ്ഡലങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കിയത്. ഇതിൽ ചവറയിൽ എൻ. വിജയൻപിള്ള 2020 മാർച്ച് എട്ടിനും ചങ്ങനാശേരിയിൽ സി.എഫ്. തോമസ് 2020 സെപ്റ്റംബർ 27നുമായിരുന്നു അന്തരിച്ചത്. തോമസ് ചാണ്ടി 2019 ഡിസംബർ 19ന് അന്തരിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ അന്നു നിലവിലുണ്ടായിരുന്ന സാഹചര്യം മൂലമാണ് ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കിയതെന്ന വാദവമുണ്ട്. സാധാരണയായി സംസ്ഥാന സർക്കാരുമായി ആലോചിച്ചാണ് ഉപതെരഞ്ഞെടുപ്പു നടത്തണമോ എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനമെടുക്കുക.
പീരുമേട് എൽഡിഎഫ് ജയിച്ച മണ്ഡലമാണെങ്കിലും ഭൂരിപക്ഷം പൊതുവേ കുറവാണ്. ഈ സാഹചര്യത്തിൽ ഉപതെഞ്ഞെടുപ്പുണ്ടായാൽ മണ്ഡലം ഇടത്തോട്ടും വലത്തോട്ടും ചെരിയാൻ സാധ്യതയുണ്ട്. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് അടുക്കുന്ന സമയത്ത് ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത് സർക്കാരിനെയും സമ്മർദത്തിലാക്കും.
ഇതിനാൽ, ഉപതെരഞ്ഞെടുപ്പിനെ സർക്കാർ പൂർണമായി പിന്തുണയ്ക്കുന്ന സാഹചര്യവുമില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറിന് നിയമസഭ നൽകിയ പീരുമേട് ഒഴിവു വിവരവും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറും.