പയ്യാവൂർ മാംഗല്യം ; വരന്മാരേറെ, വധുക്കളെ കിട്ടാനില്ല
Saturday, August 23, 2025 1:11 AM IST
പയ്യാവൂർ (കണ്ണൂർ): പയ്യാവൂർ പഞ്ചായത്തിന്റെ കർമപദ്ധതിയായ പയ്യാവൂർ മാംഗല്യത്തിലേക്ക് ഇനി വധുക്കളെ മാത്രം മതി. അപേക്ഷകളെത്തിയതിൽ വരന്മാരുടെ എണ്ണം 3,000 കഴിഞ്ഞെങ്കിലും വധുക്കളുടെ അപേക്ഷ 200ൽ താഴെ മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ വധുക്കളുടെ അപേക്ഷകൾ സ്വീകരിക്കുന്നതു തുടരും.
അപേക്ഷകളിൽ ഏറെയും പഞ്ചായത്തിനു പുറത്തുനിന്നുള്ളവരിൽനിന്നാണ് ലഭിച്ചത്. വിദേശത്തുനിന്നു പോലും ജാതി-മത പരിഗണനകൾ നോക്കാതെ പുരുഷന്മാരുടെ അപേക്ഷകൾ ലഭിക്കുന്നുണ്ട്. ചെറുപ്പക്കാരുടെ വിവാഹ സ്വപ്നങ്ങള്ക്കു പിന്തുണ നല്കാനായാണ് പഞ്ചായത്ത് പയ്യാവൂർ മാംഗല്യം എന്ന പദ്ധതി ആവിഷ്കരിച്ചത്. ജാതിമതഭേദമെന്യേ സ്ത്രീ-പുരുഷന്മാര്ക്ക് വിവാഹിതരാകാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.
നൂറുദിന പരിപാടികളുടെ ഭാഗമായാണ് പയ്യാവൂർ മാംഗല്യം സംഘടിപ്പിക്കുന്നത്. പദ്ധതിയിലൂടെ വിവാഹിതരാകാൻ താത്പര്യമുള്ള വനിതകൾക്ക് പഞ്ചായത്ത് ഓഫീസിലും കണ്ണൂർ വിധവാ ക്ഷേമസംഘം വഴിയും അപേക്ഷ സമർപ്പിക്കാം. കണ്ണൂർ ജില്ലാ വിധവ ക്ഷേമസംഘം, എൻജിഒ ബിൽഡിംഗ്, പഴയ ബസ് സ്റ്റാൻഡിനു സമീപം കണ്ണൂർ -670001 എന്നതാണ് വിലാസം.
ആദ്യബാച്ച് വിവാഹം ഒക്ടോബറിൽ
വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത മക്കളുടെ അമ്മമാരുടെ സങ്കടങ്ങളാണ് പഞ്ചായത്തിനെ പയ്യാവൂർ മാംഗല്യമെന്ന സമൂഹ വിവാഹ ആശയത്തിലേക്ക് നയിച്ചത്.
ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്പേ ആദ്യഘട്ട വിവാഹം നടത്താനാണു തീരുമാനം. ലഭിച്ച അപേക്ഷകൾ പരിഗണിച്ച് അപേക്ഷകരുമായും രക്ഷിതാക്കളുമായും കൂടിയാലോചന നടത്തിയ ശേഷമായിരിക്കും വിവാഹ നടപടികളിലേക്ക് കടക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പറഞ്ഞു. ആദ്യബാച്ച് വിവാഹം ഒക്ടോബറിൽ നടത്തുന്ന രീതിയിലാണ് കാര്യങ്ങൾ ക്രമീകരിക്കുന്നത്.