ഓണത്തിനു ശേഷം നിയമസഭാ സമ്മേളനം: അടുത്ത മന്ത്രിസഭ പരിഗണിക്കും
Saturday, August 23, 2025 1:11 AM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഓണത്തിനു ശേഷം ചേരുന്ന കാര്യം അടുത്ത ആഴ്ചയിലെ മന്ത്രിസഭാ യോഗം പരിഗണിക്കും. സെപ്റ്റംബര്‍ 15 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള നിയമസഭയുടെ ശിപാര്‍ശയും വൈകാതെ കൈമാറും.
നിയമസഭ ചേരുന്നതിനു 14 ദിവസം മുന്‍പ് ശിപാര്‍ശ ഗവര്‍ണറെ അറിയിക്കണമെന്നാണു ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ആഴ്ചയിലെ മന്ത്രിസഭയില്‍ ഇക്കാര്യം പരിഗണിക്കുന്നത്. ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ നിയമസഭ പരിഗണിക്കും.
ഡിജിറ്റല്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സെര്‍ച്ച് കമ്മിറ്റിയുടെ ഘടന അടക്കമുള്ള ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് എത്തും.
സമ്മേളനത്തിനിടെ മഹാനവമി, വിജയദശമി, ഗാന്ധിജയന്തി അവധികളും വരുന്നുണ്ട്. ഈ ആഴ്ചയില്‍ അവധി നല്‍കാനാണ് സാധ്യത. ഒക്ടോബറില്‍ തദ്ദേശ തെരഞ്ഞെടുപ്പു വിജ്ഞാപനം വരാന്‍ സാധ്യതയുള്ളതിനാല്‍ സമ്മേളനം ഇതിന് ആനുപാതികമായി അവസാനിപ്പിക്കേണ്ടി വരും.