വെള്ളാപ്പള്ളി ബാധ്യതയായി; വിമർശിച്ച് എസ്എൻഡിപി മുൻ ജനറൽ സെക്രട്ടറിയുടെ ആത്മകഥ
Saturday, August 23, 2025 1:58 AM IST
കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗത്തിനു ബാധ്യതയായി മാറിയിരിക്കുകയാണെന്നു മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥൻ. അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്ന ഗോപിനാഥന്റെ ‘ഞാൻ, എന്റെ ജീവിതം’ എന്ന ആത്മകഥയിലാണ് പരാമർശം.
നേതാവില്ലാത്ത സമുദായത്തിന് ഇതാ ഒരു നേതാവ് എന്ന നിലയില്‍ ധര്മദൈവമായിട്ടായിരുന്നു നടേശന്റെ രംഗപ്രവേശമെന്നും എന്നാല്‍ ധര്‍മദൈവം ബാധ്യതയായി മാറുന്നതാണ് പിന്നീട് കണ്ടതെന്നും അദ്ദേഹം എഴുതുന്നു. 29 വർഷം നേതൃസ്ഥാനത്ത് ഇരുന്നിട്ടും അവഗണനയ്ക്കു പരിഹാരം കാണാനായിട്ടില്ലെങ്കിൽ അത് നടേശന്റെ പരാജയമല്ലേ. യോഗം ഭാരവാഹികൾ എല്ലാ വിഭാഗത്തിലുള്ളവരോടും മാന്യമായും അന്തസോടെയും പെരുമാറാൻ ശ്രദ്ധിച്ചിരുന്നു.
മോശമായ ഒരു വാക്കുപോലും അബദ്ധത്തിലോ ആവേശത്തിലോ ഉപയോഗിക്കാതിരക്കാനും ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇന്ന് വിഭാഗീയവും പുലഭ്യം പറച്ചിലും അധിക്ഷേപകരമായ പ്രയോഗങ്ങളും മാത്രമാണ് നടേശനിൽനിന്നു വരുന്നത്. സഹോദര വിഭാഗങ്ങളെ വളരെ നിന്ദ്യമായിട്ടാണ് അദ്ദേഹം ആക്ഷേപിക്കുന്നത്. അദ്ദേഹം അധിക്ഷേപിക്കാത്ത ആരുമില്ല.
കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് ഇന്ന് യോഗത്തിലെ അവസ്ഥ. അതുകൊണ്ടാണ് നടേശൻ തുടർച്ചയായി വിജയിക്കുന്നത്. യോഗത്തിന്റെ ആസ്ഥാനം കൊല്ലത്തുനിന്ന് കണിച്ചുകളങ്ങരയിലേക്ക് മാറ്റപ്പെട്ട അവസ്ഥയിലാണ്. യൂണിയനുകളിൽ പലതിലും തെരഞ്ഞെടുപ്പ് നടക്കുന്നില്ല.
യോഗത്തിൽ കുടുംബാധിപത്യമാണ്. അച്ഛനെയും അമ്മയെയും മകനെയും തൃപ്തിപ്പെടുത്തി മാത്രമേ മുന്നോട്ടു പോകാനാവൂ.
എസ്എൻഡിപി യോഗം ഭാരവാഹികളിൽ അഴിമതി ആരോപണം നേരിടേണ്ടിവന്ന ജനറൽ സെക്രട്ടറി നടേശനാണ്. യോഗത്തിന്റെ മൈക്രോഫിനാൻസ് പദ്ധതിയിലും കൊല്ലം എസ്എൻ കോളജ് ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടും അദ്ദേഹത്തിനെതിരേ നിരവധി ആരോപണങ്ങളാണ് ഉയർന്നത്.
എസ്എൻ ട്രസ്റ്റ് നിയമനങ്ങളുടെ അടിസ്ഥാനം സാമ്പത്തികമായിമാറി. വാങ്ങിക്കുന്ന ലക്ഷങ്ങളുടെ കണക്കുകേട്ടാൽ ആരും ഞെട്ടും. നിയമനകാര്യത്തിൽ എസ്എൻഡിപി യോഗം, ട്രസ്റ്റ് സ്ഥാപനങ്ങളിൽ സാമ്പത്തിക സംവരണമാണ് നടപ്പാവുന്നത് എന്ന നിലയ്ക്കാണ് കാര്യങ്ങളെന്നും ഗോപിനാഥൻ കുറ്റപ്പെടുത്തുന്നു.
കൊല്ലം ലിവിഡസ് പബ്ലിക്കേഷൻസ് ആണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വി.എം. സുധീരൻ പുസ്തകം പ്രകാശനം ചെയ്യും. ശിവഗിരി മഠത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഏറ്റുവാങ്ങും.