കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എൻജിനിയർ പിടിയിൽ
Saturday, August 23, 2025 1:11 AM IST
കാഞ്ഞങ്ങാട്: വീടിന്റെ താത്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷനാക്കുന്നതിനുവേണ്ടി കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസിന്റെ പിടിയിലായി. ചിത്താരി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ കെ. സുരേന്ദ്രനെ (52) ആണ് പണം വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.
പൂച്ചക്കാട് സ്വദേശിയായ പരാതിക്കാരൻ മുക്കൂട് എന്ന സ്ഥലത്ത് പുതുതായി പണികഴിപ്പിച്ച വീടിന്റെ താത്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷനാക്കുന്നതിനായി ഈ മാസം 19 ന് ഓൺലൈനിലൂടെ അപേക്ഷ സമർപ്പിച്ചിരുന്നു. 21 ന് സബ് എൻജിനിയർ സുരേന്ദ്രൻ സ്ഥലപരിശോധന നടത്തുകയും ചെയ്തു.
കാര്യം വേഗത്തിൽ നടക്കണമെങ്കിൽ 3,000 രൂപ കൈക്കൂലി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പരാതിക്കാരൻ സംഭവം കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണനെ അറിയിച്ചത്.
തുടർന്ന് വിജിലൻസിന്റെ നിർദേശ പ്രകാരം ഇന്നലെ വൈകുന്നേരം പരാതിക്കാരൻ 3,000 രൂപ ഓഫീസിലെത്തിച്ച് നൽകുകയും മറഞ്ഞുനിന്ന വിജിലൻസ് സംഘം പണം കൈപ്പറ്റുന്നതിനിടെ സബ് എൻജിനിയറെ തെളിവുസഹിതം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ തുടർനടപടികൾക്കായി തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.