മദ്യനയവും മയക്കുമരുന്നു വ്യാപനവും തെരഞ്ഞെടുപ്പില്‍ വിഷയമാകണം: മാര്‍ തെയോഡോഷ്യസ്
Saturday, August 23, 2025 1:11 AM IST
കൊച്ചി: സംസ്ഥാനത്തെ മദ്യവിപണന നയവും മാരക മയക്കുമരുന്നുകളുടെ വ്യാപനവും പ്രാദേശിക തെരഞ്ഞെടുപ്പില്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് യുഹാനോന്‍ മാര്‍ തെയോഡോഷ്യസ് അഭിപ്രായപ്പെട്ടു.
നിലവിലുള്ള മദ്യത്തില്‍ ഒരുതുള്ളിപോലും കൂടുതലായി അനുവദിക്കില്ലെന്നു പ്രകടന പത്രികയിലൂടെ പ്രഖ്യാപിച്ചവര്‍ നിലവിലെ സ്ഥിതി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലാരിവട്ടം പിഒസിയില്‍ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെ കുറവാണ് മയക്കുമരുന്നുകളുടെ വ്യാപനത്തിനു കാരണമെന്നു പ്രചരിപ്പിച്ചവര്‍ മദ്യത്തിന്റെ ഉപഭോക്താക്കളോ അബ്കാരികളോ ഭരണകര്‍ത്താക്കളോ ആണ്. സംസ്ഥാനചരിത്രത്തില്‍ മദ്യവും മാരക രാസലഹരികളും സുലഭമായി ലഭിക്കുന്ന ഗുരുതര സ്ഥിതിവിശേഷം മുമ്പുണ്ടായിട്ടില്ലെന്നും ബിഷപ് പറഞ്ഞു.
സംസ്ഥാന ഭാരവാഹികള്‍, റീജണല്‍, രൂപത ഡയറക്ടര്‍മാര്‍, പ്രസിഡന്റുമാര്‍, ആനിമേറ്റര്‍മാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
സ്ഥാനമൊഴിഞ്ഞ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കലിനു യാത്രയയപ്പ് നൽകി. ഫാ. തോമസ് ഷൈജു ചിറയില്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, വി.ഡി. രാജു, സി.എക്സ്. ബോണി, ടി.എസ്. ഏബ്രഹാം, മേരി ദീപ്തി, തോമസ് കോശി, റോയി മുരിക്കോലില്‍ എന്നിവര്‍ പ്രസംഗിച്ചു.