അബ്കാരി കുടിശിക പൂര്‍ണമായും പിരിഞ്ഞുകിട്ടിയില്ല, ജനുവരിയിലേക്ക് കാലാവധി നീട്ടി സർക്കാർ
Saturday, August 23, 2025 1:11 AM IST
ജോണ്സണ് വേങ്ങത്തടം
കൊല്ലം: അബ്കാരി കുടിശിക പിരിച്ചെടുക്കാനായി എക്സൈസ് വകുപ്പില്‍ നടപ്പാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പൂര്‍ണവിജയം കണ്ടെത്താത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി.
വിവിധ കള്ളുഷാപ്പുകളുടെയും മദ്യവില്പനശാലകളുടെയും കരാറുകാരില്‍ നിന്നു കിസ്ത് ഇനത്തില്‍ വര്‍ഷങ്ങളായി ലക്ഷക്കണക്കിനു രൂപയാണു സര്‍ക്കാരിനു പിരിഞ്ഞുകിട്ടാനുള്ളത്. ഇതില്‍ പലതും ജപ്തിനടപടികളിലേക്കു നീങ്ങിയിട്ടുണ്ട്. കുടിശിക തിരിച്ചടയ്ക്കാന്‍ പലതവണ സമയം നീട്ടി നല്‍കിയിട്ടും പലരും മുടക്കം വരുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതി പ്രഖ്യാപിച്ചത്.
പലിശയിലും ചിലര്‍ക്കു മുതലിലും ഇളവ് അനുവദിച്ചുകൊണ്ടാണു പദ്ധതി നടപ്പാക്കിയത്. ഇതു തുടര്‍ന്നുവരികയാണ്. ഇതുവരെ 60 അപേക്ഷകളിലായി 2,82,28,606 രൂപ പിരിച്ചെടുത്തു. അവശേഷിക്കുന്ന അപേക്ഷകളില്‍ പലതും തുക ഒടുക്കുവാന്‍ സാധ്യതയുള്ളതിനാല്‍ കാലാവധി ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ രണ്ടു കോടി രൂപ കൂടി പിരിച്ചെടുക്കാന്‍ സാധിക്കുമെന്നതിനാലാണ് അപേക്ഷ സ്വീകരിക്കാനുള്ള കാലാവധി ഡിസംബര്‍ 31നും തുക ഒടുക്കുന്നതിനുള്ള കാലാവധി 2026 മാര്‍ച്ച് 31നുമാക്കിയിരിക്കുന്നത്.
1949 -50 മുതല്‍ 1996 മാര്‍ച്ച് 31 വരെയുളള കുടിശികയുടെ മുതല്തുകയുടെ 75ശതമാനം അടയ്ക്കുകയാണെങ്കില്‍ മുഴുവന്‍ പലിശയും പിഴപ്പലിശയും മുതലിന്റെ 25 ശതമാനവും ഒഴിവാക്കും.
1996-97നും 2000-01നും ഇടയിലുള്ള കുടിശികയ്ക്കു മുതലിന്റെ 90ശതമാനം അടച്ച് പലിശയും പിഴപ്പലിശയും മുതലിന്റെ പത്തുശതമാനവും ഒഴിവാക്കും. 2002-02നും 2011-12നും ഇടയിലുള്ള കുടിശികയ്ക്ക് മുതല്‍ തുകയുടെ 100ശതമാനം അടച്ച് പലിശയും പിഴപ്പലിശയും ഒഴിവാക്കാവുന്നതാണ്.