കാട്ടാനക്കലി; വനപാലകരുടെ ജാഗ്രതക്കുറവിൽ പൊലിഞ്ഞത് വീട്ടമ്മയുടെ ജീവൻ
Friday, August 22, 2025 3:17 AM IST
എടവണ്ണ (മലപ്പുറം): ജാഗ്രത പുലർത്താതെ വനപാലകർ തുരത്താൻ ശ്രമിച്ച കാട്ടാന വീട്ടമ്മയുടെ ജീവനെടുത്തു.
ജനവാസമേഖലയിൽ പട്ടാപ്പകൽ റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചതോടെ ഭയന്നോടിയ കാട്ടാനയുടെ അടിയും ചവിട്ടുമേറ്റാണ് എടവണ്ണ കിഴക്കേ ചാത്തല്ലൂർ കാവിലട്ടി പട്ടീരി വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ കല്യാണിയമ്മ (64) ദാരുണമായി കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ പതിനൊന്നോ ടെയാണ് നാടിനെ നടുക്കിയ സംഭവം. വനപാലകരുടെ വീഴ്ചയ്ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി.
ജനവാസമേഖലയ്ക്കു സമീപം കാട്ടാനകളെ തുരത്തുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ ഉറപ്പുവരുത്താതെ പകൽസമയത്ത് വനപാലകർ കാട്ടാനയെ തുരത്താൻ നടത്തിയ ശ്രമമാണ് അപകടം ക്ഷണിച്ചുവരുത്തിയത്. ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. എടവണ്ണ റേഞ്ചിൽ കൊടുമ്പുഴ വനം സ്റ്റേഷൻ പരിധിയിലെ വനമേഖലയാണിത്. കാട്ടാനയെ തുരത്തിയതിന് താഴ്ഭാഗത്ത് മുപ്പതിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചതോടെ കാട്ടാന ഭയന്ന് ഓടുകയായിരുന്നു. ഇതിനിടയിലാണ് കല്യാണിയമ്മ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. ഓടുന്നതിനിടെ കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി കല്യാണിയമ്മയെ ചവിട്ടുകയായിരുന്നു.
കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ...
മക്കൾ കാട്ടാനയ്ക്കു മുന്നിൽപെടാതിരിക്കാൻശ്രദ്ധിക്കുന്നതിനിടെയാണ് കല്യാണിയമ്മയ്ക്ക് ജീവൻ നഷ്ടമായതെന്ന് എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അഭിലാഷ് പറഞ്ഞു. പ്രദേശത്ത് കൃഷി നശിപ്പിക്കുന്ന കാട്ടാനയെക്കുറിച്ച് നാട്ടുകാർ നേരത്തേതന്നെ വനംവകുപ്പിനോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥരും വനം ദ്രുതകർമ സേനയും ചേർന്നാണ് കാട്ടാനയെ തുരത്താൻ ശ്രമിച്ചത്.
വനപാലകർ കാട്ടാനയെ ഓടിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞതിനെത്തുടർന്ന് വീടിനു സമീപത്തുള്ള വനത്തിലെ ചോലയിൽ കുട്ടികൾ കുളിക്കുന്നുണ്ടോയെന്ന് നോക്കാൻ പോകുന്നതിനിടെ വീടിന്റെ നൂറു മീറ്റർ അടുത്തുവച്ചാണ് കല്യാണിയമ്മ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആ സമയത്ത് കുട്ടികൾ ചോലയിലേക്ക് പോയിരുന്നില്ല, മറ്റൊരിടത്തായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കല്യാണിയമ്മയെ ഉടൻ നാട്ടുകാരും വനം ഉദ്യോഗസ്ഥരും ചേർന്ന് എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കല്യാണിയമ്മയുടെ മക്കൾ: ഷിൽജു, ലീന, സിജി, ഉഷ. മരുമക്കൾ: നീതു (എടവണ്ണപ്പാറ), അറുമുഖൻ (എടവണ്ണപ്പാറ), അറുമുഖൻ (ഇരുവേറ്റി), ഷിബു (കുരിക്കലംപാട്).
മലപ്പുറത്തെ 42-ാമത്തെ രക്തസാക്ഷി
മലപ്പുറത്തിന്റെ മലയോര ഗ്രാമങ്ങളിൽ 42 പേരാണ് ഇതുവരെ കാട്ടാനകളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കല്യാണിയമ്മയുടെ കുടുബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നും അപകടകാരിയായ ആനയെ ഉൾവനത്തിലേക്ക് വിടാൻ നടപടി വേണമെന്നും പി.കെ. ബഷീർ എംഎൽഎ വനംമന്ത്രി എ.കെ. ശശീന്ദ്രനോട് ആവശ്യപ്പെട്ടു.