ഡിസിഎൽ ബാലരംഗം
Friday, August 22, 2025 2:15 AM IST
കൊച്ചേട്ടന്റെ കത്ത്
ഓണം - പൂവുകൾക്കു പറയാനുള്ളത്
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
മലയാളി എന്ന മഹിമയിൽ മനസു കുതിരുന്ന ഏതൊരാൾക്കും "ഓണം, തിരുവോണം, പൊന്നോണം' തുടങ്ങിയ പദങ്ങൾ ഉറവയുണർത്തുന്ന ഓർമ്മകളുടെ ഒഴുക്കു തടയാനാവില്ല. പുരാവൃത്തങ്ങൾ വിരൂപമാക്കി വർത്തമാനകാലത്തിന്റെ ഭൂതം ആവസിച്ച കുറച്ചുപേർ ഓണത്തിന്റെ ഭൂതകാല വിശ്വവിശാലതയിൽ അതിരുവെട്ടാൻ വരുന്നുണ്ട്. എങ്കിലും ലോകം മുഴുവനുമുള്ള മലയാളിക്ക് ഓണം ഉണർത്തുന്ന ഉർവ്വരതയുടെ ഉത്സവമേളം അനിർവചനീയമാണ്.
ഓണത്തിന്റെ ഓരോ പ്രതീകവും ഒട്ടേറെ ജീവിതദർശനങ്ങൾ തലമുറകളോട് സംവേദനം ചെയ്യുന്നുണ്ട്. പൂവിളിയും പൂക്കളവും ഓണസദ്യയും ഊഞ്ഞാലാട്ടവും ഉൾപ്പെടെയുള്ള ഓണക്കളികളും എല്ലാം സമൂഹമായും വ്യക്തിപരമായും നിരന്തരം സംവദിക്കുന്നുണ്ട്.
ഓണപ്പുക്കളത്തിലെ ഓരോ പൂവിനും പൂവിതളിനും പറയാനുള്ളതെന്താണ്? ഒന്നാമത്, പൂക്കളത്തിലെ പൂക്കളുടെ വർണവൈവിധ്യം, രൂപഭംഗിയുള്ള വ്യത്യസ്തത! ഓരോ ഇതളിനും അനേകം പരാഗരേണുക്കൾ വഹിക്കുന്ന ലോല തന്തുക്കൾക്കും ജന്മസാഫല്യത്തിലെത്തിയതിന്റെ നിർവൃതി പങ്കിടാനുണ്ട്.
ഒരു ചെടിയിൽ മൊട്ടിടുന്പോൾ, ഒരു പൂവിനും അറിയില്ല, തന്റെ ഉള്ളിലെ സുഗന്ധമെത്ര സുഖദായകമാകുമെന്ന്! ഒരിതളിനുമറിയില്ല, തന്റെ ദലമാർദവത്തിന്റെ സ്നിഗ്ധത! നിരവധി ചുടുവെയിലിന്റെ പൊള്ളലും കൊടുങ്കാറ്റിന്റെ തള്ളലും എത്ര തവണ അതിജീവിച്ചു! പെരുമഴയിൽ കഴുത്തൊടിയാതെ, കാറ്റിനൊത്തിളകിമാറി, സ്വയം സംരക്ഷിച്ചതിന്റെയും മധുനുകരാൻ വരുന്ന വണ്ടുകളുടെ ക്രൂരപീഡനങ്ങളെ അതിജീവിച്ചതിന്റെയും തീരാത്ത കഥകൾ ഓരോ പൂവിനുമുണ്ട് ഒത്തിരി പറയാൻ.
ഓണപ്പൂക്കളത്തിൽ മറ്റു പൂക്കൾക്കും പൂവിതളുകൾക്കുമൊപ്പം പൂക്കളത്തിൽ ഏതോ ഒരു ഭാഗത്ത്, ഏതോ ഒരു രൂപത്തിനായുള്ള നിറച്ചേർച്ചയുടെ ഭാഗമായി ഇടം ലഭിക്കുന്പോഴും ഒരു പൂവിനും അറിയില്ല, തന്റെകൂടി സാന്നിധ്യംകൊണ്ട് ഈ പൂക്കളത്തിനുണ്ടാകുന്ന വർണഭംഗി എത്ര വിസ്മയകരമാണെന്ന്. ആരാണ്, എവിടെയാണ്, എന്നെ പൂക്കളത്തിൽ എടുത്തുവയ്ക്കുന്നത് എന്ന് ഇറുക്കപ്പെടുന്നതിനു മുന്പ് ഒരു പൂവിനും അറിയില്ല. പൂവായും ഇതളായുമെല്ലാം ഒരു പൂവിന് വിന്യാസം ലഭിച്ചേക്കാം.
അപ്പോഴൊക്കെ മുൻകൂട്ടി വരച്ച ഒരു ആകൃതിക്ക് അർഥമേകാൻ ഞാനും എടുത്തുവയ്ക്കപ്പെടുന്നു എന്നാണ് ഓരോ പൂവും സ്വയം മനസിലാക്കുന്നത്. എന്നെ ഇവിടെയല്ല, അവിടെയായിരുന്നു വയ്ക്കേണ്ടിയിരുന്നത്, എന്ന് ഏതെങ്കിലും പൂവിതൾ പരാതി പറയുമോ? ഒരു പരാതിയുമില്ലാതെ എടുത്തുവയ്ക്കപ്പെടുന്നിടത്തിരുന്ന് പൂക്കളത്തിന്റെ പൊതുവായ സൗന്ദര്യത്തിൽ സ്വയമലിയുന്ന ഓരോ പൂവും പൂവിതളും നമ്മെ ഒട്ടേറെക്കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്.
കൂട്ടുകാരേ, നമ്മുടെ ജീവിതത്തിൽ നമ്മളും വ്യത്യസ്ത വർണങ്ങളുള്ള പൂക്കളാണ്. ഒരു പൂവും സ്വന്തം നിറവും സുഗന്ധവും സ്വയം ഉണ്ടാക്കുന്നതല്ല. ഈ ചെടിയിൽ മുളയ്ക്കാൻ സ്രഷ്ടാവ് അനുഗ്രഹിച്ചതുകൊണ്ടുമാത്രം ഞാനിങ്ങനെയായി എന്നല്ലേ, ഓരോ പൂവും പറയുന്നത്. റോസപ്പൂവിന്, മുല്ലയിൽ പൂക്കാനോ, ഡാലിയാപ്പൂവിന് തെച്ചിയിൽ വിടരാനോ കഴിയില്ല. ആയിരിക്കുന്ന ഏതവസ്ഥയിലും ആകാവുന്നിടത്തോളം പൂത്തുവിടരുക എന്നാണ് പൂക്കൾ നമ്മോടും മന്ത്രിക്കുന്നത്. കിട്ടിയ ഇടങ്ങളിൽ പൊട്ടിവിടരുന്ന പൂക്കളാകണം നമ്മളും. എനിക്കു നീലനിറം വേണ്ട എന്ന് കാക്കപ്പൂവിനോ എനിക്ക് മഞ്ഞനിറംകൂടി വേണം എന്ന് മുല്ലപ്പൂവിനോ പറയാനാകില്ല.
നമ്മുടെ ജീവിതവും സുഗന്ധം പരത്തുന്ന നറുസൂനങ്ങളുടെ നിറസമൃദ്ധയിൽ നീരാടട്ടെ! കിട്ടാത്തതിനെപ്പറ്റി മാത്രം പരാതി പറഞ്ഞ്, ആയുസു തീർക്കാതെ, കിട്ടിയ ഇടങ്ങളിൽ പൊട്ടിവിടരാമോ എന്നു പരിശ്രമിക്കാം. പൂക്കളത്തിലെ പൂക്കളെപ്പോലെ ഒരുമയുടെ സൗന്ദര്യം തീർത്ത് മനുഷ്യജീവിതം മഹത്വമുള്ളതാക്കാം.
ഏവർക്കും എന്റെ ഓണാശംസകൾ... സസ്നേഹം,
സ്വന്തം കൊച്ചേട്ടൻ
"പൂവിളി 2025' - ഡിസിഎൽ ഓണാഘോഷം!
ഡിസിഎൽ കൂട്ടുകാർക്കായി രണ്ട് ഓണാഘോഷ മത്സരങ്ങൾ
തിരുവാതിര കളി
DCLDEEPIKA യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുന്ന തിരുവാതിരകളി ഗാനത്തിനനുസരിച്ചു പങ്കെടുക്കുന്ന സ്കൂളിലെ പരമാവധി കുട്ടികൾ തിരുവാതിര കളിക്കുന്നതിന്റെ വീഡിയോ ഡിസിഎല്ലിന് അയച്ചുതരിക. ഒരു സ്കൂളിൽ നിന്ന് ഒരു എൻട്രിയാണ് അനുവദിക്കുന്നത്. ഡിസിഎൽ തിരുവാതിര ഗാനത്തിന് അനുസരിച്ചുള്ള തിരുവാതിര കളി മാത്രമേ മത്സരത്തിനായിപരിഗണിക്കുകയുള്ളൂ. ഗാനം DCLDEEPIKA യൂട്യൂബ് ചാനലിൽ നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് അപ്ലോഡ് ചെയ്യും.
വിജയികളാകുന്ന സ്കൂളുകൾക്ക് 5000, 4000, 3000 രൂപ ക്രമത്തിൽ കാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്.
"പൂക്കളം' വീഡിയോ ചലഞ്ച്
എല്ലാ സ്കൂളുകളിലും ഓണപ്പൂക്കളം ഇടുന്നുണ്ടല്ലോ. ഓരോ സ്കൂളിലും ഓണപ്പൂക്കളം ഇടുന്നതിന്റെ ഒരുക്കവും പൂക്കളം ഇടുന്നതും പൂർത്തിയായ പൂക്കളവും വീഡിയോ എടുത്ത് ഡിസിഎല്ലിന് അയച്ചുതരിക. മികച്ച ഓണപ്പൂക്കളത്തിന് സമ്മാനങ്ങൾ നൽകുന്നതാണ് .
ഒരു സ്കൂളിൽ നിന്ന് മൂന്ന് പൂക്കളങ്ങളുടെ വീഡിയോ അയക്കാവുന്നതാണ് . അയക്കുന്ന വീഡിയോയുടെ അടിക്കുറിപ്പിൽ സ്കൂളിന്റെ പേരും വിശദാംശങ്ങളും നൽകേണ്ടതാണ് .
പൂക്കളം ഇടുന്നതിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും താപിതാക്കളുടെയും പങ്കാളിത്തത്തോടുകൂടിയുള്ള വീഡിയോക്കാണ് പ്രഥമ പരിഗണന നൽകുന്നത്.
വിജയികളാകുന്ന സ്കൂളുകൾക്ക് 5000, 4000, 3000 രൂപ ക്രമത്തിൽ കാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്.
നിങ്ങൾ തരുന്ന വീഡിയോ DCLDEEPIKA യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തു നിങ്ങൾക്ക് തിരിച്ച് അയച്ചുതരുന്നതാണ് അതിൽ സെപ്റ്റംബർ 15 നുള്ളിൽ ഏറ്റവും കൂടുതൽ ലൈക്കും കമന്റും ലഭിക്കുന്ന വീഡിയോകൾക്കു പ്രത്യേക പരിഗണന [25%] നൽകുന്നതാണ്.
"ഒരേയൊരിന്ത്യ" സ്വാതന്ത്ര്യദിന ഗാന മത്സരം:എൻട്രി ഓഗസ്റ്റ് 30 വരെ
കോട്ടയം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡിസിഎൽ നടത്തിയ ഒരേയൊരു ഇന്ത്യ ദേശഭക്തിഗാന മത്സരത്തിൽ നിരവധി വിദ്യാലയങ്ങൾ പങ്കെടുത്തു.
"ഒരേയൊരു ഇന്ത്യ' ഗാനത്തിന് വടുവെച്ചുകൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദേശസ്നേഹത്തിൽ കൈകോർത്തു. ഓഗസ്റ്റ് 30 വരെയാണ് ഒരേയൊരു ഇന്ത്യ ദേശഭക്തിഗാനം മത്സരത്തിന്റെ സ്കൂൾ തല എൻട്രികൾ സ്വീകരിക്കുന്നത് .
ഈ ദേശഭക്തിഗാനത്തിന്റെ വീഡിയോയും കരോക്കെയും DCLDEEPIKA യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
കൂത്താട്ടുകുളം മേഖലാ നേത്യ സംഗമവും തെരഞ്ഞെടുപ്പും 23 ന്
കൂത്താട്ടുകുളം : ഡി.സി.എൽ കൂത്താട്ടുകുളം മേഖലാ നേത്യ സംഗമവും മേഖലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ആഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 10 മുതൽ മുത്തോലപുരം സെന്റ് പോൾസ് എൽ.പി സ്കൂളിൽ നടക്കും. മേഖലയിലെ എല്ലാ ഡയറക്ടർമാരും സ്കൂൾ തല കൗൺസിലർമാരും പങ്കെടുക്കണമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് അറിയിച്ചു.
ഡിസിഎൽ സംസ്ഥാനതല ബാഡ്മിന്റൺ മത്സരം
ദീപിക ബാലസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു. ഒക്ടോബർ 25-നാണു സംസ്ഥാനതല മത്സരം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും മത്സരം.
സംസ്ഥാനതലത്തിൽ നടത്തപ്പെടുന്ന ഈ മത്സരത്തിൽ കേരളത്തിലെ എല്ലാ ഡിസിഎൽ പ്രവിശ്യകളിൽനിന്നും ഇരുവിഭാഗത്തിലുംപെട്ട ഓരോ ഡബിൾസ് ടീമുകൾക്ക് പങ്കെടുക്കാവുന്നതാണ്. ഡിസിഎൽ ശാഖകളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽപഠിക്കുന്ന കുട്ടികൾക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്.
പ്രവിശ്യാതലത്തിൽ നടത്തപ്പെടുന്ന ടൂർണമെന്റിലെ വിജയികളാകുന്ന ടീമുകൾക്കാണ് സംസ്ഥാനതലമത്സരത്തിലേക്കു പ്രവേശനം.
പ്രവിശ്യാതല മത്സര വിജയികൾക്ക് ട്രോഫിയും സർട്ടിഫികറ്റും നൽകുന്നതാണ്. പ്രവിശ്യാതല മത്സരങ്ങൾ സെപ്റ്റംബർ 30-നു മുന്പായി പൂർത്തിയാകും. സംസ്ഥാനതല വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും. വിശദ വിവരങ്ങൾക്ക് 9446294666 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.
വിദ്യാർഥികളിൽ ദേശസ്നേഹം പകർന്ന് 'ജയ്ഹോ'
താമരശേരി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദീപിക ബാലസംഖ്യം കോഴിക്കോട് പ്രവിശ്യ ഓൺലൈൻ പ്രോഗ്രാം - "ജയ്ഹോ' നടത്തി. ഇന്റലിജൻസ് ടെക്നിക്കൽ എസ്പി ചൈത്ര തെരേസ ജോൺ ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവിശ്യ ലീഡർ മേധ ഷൈജൻ അധ്യക്ഷത വഹിച്ചു. പ്രവിശ്യ കോർഡിനേറ്റർ ഫാ. സായി പാറൻകുളങ്ങര ആമുഖ പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി ലീഡർ ജെയ്സ് തോമസ്, കൗൺസിലർമാരായ ചൈത്ര കെ, ആൻലിയ മരിയ ആന്റണി എന്നിവർ പ്രസംഗിച്ചു. അധ്യാപിക സാനിയ വർഗ്ഗീസ്, വിദ്യാർത്ഥികളായ ലിയാന വിപിൻ, പാർവണ സുധീഷ് എന്നിവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ സന്ദീപ് കളപ്പുരക്കൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് നടത്തി. മാത്യു ഇമ്മാനുവൽ മേൽവെട്ടം, ആൽബിൻ സഖറിയാസ്, സിദ്ധാർഥ് എസ് നാഥ്, ഷിൽന ദേവസ്യ എന്നിവർ നേതൃത്വം നൽകി.