കെഎസ്ആർടിസിക്കായി കീർത്തനയുടെ ‘യാത്രാക്കൂട്ട് ’
Friday, August 22, 2025 2:16 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: കീർത്തന എന്ന എൻജിനിയറിംഗ് വിദ്യാർഥിനി കെഎസ്ആർടിസിക്കായി ഒരുക്കിയ യാത്രാക്കൂട്ട് എന്ന വെബ്സൈറ്റ് ശ്രദ്ധേയമാകുന്നു.
ഗതാഗതമന്ത്രി ഗണേഷ്കുമാർ ഉൾപ്പെടെയുള്ളവർ കീർത്തനയുടെ വെബ്സൈറ്റിന് അഭിനന്ദനവുമായി രംഗത്തെത്തി. പൂജപ്പുര എൽബിഎസ് വനിതാ കോളജിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിദ്യാർഥിനിയായ കീർത്തന സാറാ കിരണ്‍ മൂന്നാഴ്ചകൊണ്ടാണ് കെഎസ്ആർടിസി തിരുവനന്തപുരം സിറ്റി സർക്കുലർ ബസുകളുടെ യാത്രാവിവരങ്ങൾ അടങ്ങിയ വെബ്സൈറ്റ് തയാറാക്കിയത്.
yaathraakottou.vercel.app എന്ന പേരിൽ തയാറാക്കിയ വെബ്സൈറ്റിൽ, ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുൾപ്പെടെ നിരവധി യാത്രക്കാരും വിനോദസഞ്ചാരികളും വന്നിറങ്ങുന്ന തലസ്ഥാന നഗരിയിലെ സിറ്റി സർവീസ് ബസുകൾ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഈ വെബ്സൈറ്റിൽനിന്നും വിവരങ്ങൾ ലഭ്യമാകുക.
യാത്രക്കാർ കയറേണ്ട സ്ഥലവും ഇറങ്ങേണ്ട സ്ഥലവും വെബ്സൈറ്റിൽ ടൈപ്പ് ചെയ്താൽ ഈ റൂട്ടുവഴിയുള്ള സിറ്റി സർക്കുലർ ബസുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പൂർണമായും ലഭിക്കും. കൂടാതെ ബസ് കടന്നുപോകുന്ന പ്രധാന പോയിന്റുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. ബസിന്റെ കളർകോഡ് ഉൾപ്പെടെയുള്ളവ മനസിലാക്കി യാത്രക്കാർക്ക് ബസിൽ കയറാം.
തന്റെ സ്വദേശമായ കോട്ടയത്തുനിന്നും തിരുവനന്തപുരം തന്പാനൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി പൂജപ്പുര കോളജിലേക്ക് പോകാൻ കാത്തുനിന്നപ്പോൾ ഇലക്ട്രിക് ബസിൽ റൂട്ട് സംബന്ധിച്ച കോഡുകൾ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ഇത്തരമൊരു വെബ്സൈറ്റ് എന്ന ആശയം കീർത്തനയുടെ മനസിൽ രൂപപ്പെട്ടത്. തുടർന്ന് ഇക്കാര്യം കോളജ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. എം.ഡി. സുമിത്രയേയും എൽബിഎസ് ഡയറക്ടർ ഡോ.എം. അബ്ദുൾ റഹ്മാനെയും അറിയിച്ചു. ഇവരുടെ പൂർണമായ പിന്തുണ ലഭിച്ചതോടെയാണ് വെബ്സൈറ്റ് രൂപകല്പന ചെയ്യാൻ തീരുമാനിച്ചത്. രൂപകല്പന ചെയ്ത വെബ്സൈറ്റ് ഗതാഗത മന്ത്രി ഗണേഷ്കുമാറിനെ നേരിൽ കാണിച്ചു.
ഗതാഗതമന്ത്രിയുടെ പൈവറ്റ് സെക്രട്ടറി ആർ. അജിത്കുമാറും വെബ്സൈറ്റ് മന്ത്രിയെ കാണിക്കുന്നതിന് ഉൾപ്പെടെ പിന്തുണയും നല്കി. വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതിനുള്ള സാന്പത്തികസഹായം ഗതാഗത വകുപ്പ് വാഗ്ദാനവും ചെയ്തു. ഹോസ്റ്റ് ചെയ്യുന്നതിനുള്ള നടപടി കോളജ് ഏറ്റെടുത്തു കഴിഞ്ഞു. നിലവിൽ ഫ്രീ ഹോസ്റ്റിംഗ് പ്ലാറ്റ്ഫോമായ വേർസലിലാണ് വെബ്സൈറ്റ്.
കോട്ടയം തിരുവഞ്ചൂർ ഇടച്ചേരിലായ നീലാണൂർ കിരണ്‍ ജോസഫിന്റെയും (ദീപിക, കോട്ടയം), മാന്നാനം കെ.ഇ. സ്കൂൾ അധ്യാപികയായ ബിന്ദുമോൾ കെ.ഇ.യുടെയും മകളാണ് കീർത്തന.