മലനാട്ടില്‍ ചെങ്കൊടി പാറിക്കാന്‍ വാഴൂരില്നിന്നൊരു കുടിയേറ്റം
Friday, August 22, 2025 2:16 AM IST
റെജി ജോസഫ്
കോട്ടയം: ഇടുക്കി കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന കാലം. ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ ചെങ്കൊടി പാറിച്ചു തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കോട്ടയത്തുനിന്നു മല കയറിയവര്‍ മൂന്നു പേരാണ്. കിടങ്ങൂരില്‍നിന്ന് എം.എം. മണി, പുതുപ്പള്ളിയില്‍ സി.എ. കുര്യന് എന്നിവര്‍ക്കൊപ്പം വാഴൂര്‍ കൊടുങ്ങൂരില്നിന്നുള്ള പതിനെട്ടുകാരന് വാഴൂര്‍ സോമന്.
കോരിച്ചൊരിയുന്ന മഴയെയും കോച്ചി വലിക്കുന്ന തണുപ്പിനെയും മരണം സംഭവിക്കാവുന്ന മലമ്പനിയെയും വക വയ്ക്കാതെ മൂവരും മലനാട്ടിലെത്തുമ്പോള് തൊഴിലാളിലകളില്‍ വലിയൊരു ഭാഗവും തമിഴരാണ്.
ഇടനാട്ടില്നിന്ന് അനേകംപേര്‍ മണ്ണുതേടിയാണ് മലയോരങ്ങളിലേക്ക് അക്കാലത്ത് കുടിയേറിയത്. സോമന്റെ മലകയറ്റത്തിനു പിന്നില്‍ കമ്യൂണിസ്റ്റ് ആവേശം ഒന്നുമാത്രമായിരുന്നു.
നന്നേ ചെറിയ പ്രായത്തില്‍ ഏലം, കാപ്പി, കുരുമുളക്, തേയില തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ സംഘടിപ്പിച്ചു.
എം.എം. മണി പെരിയാര്‍ കടന്ന് ഉടുമ്പന്ചോലയിലെത്തിയപ്പോള് സി.എ. കുര്യനും വാഴൂര്‍ സോമനും പീരുമേടും വണ്ടിപ്പെരിയാറും പാമ്പനാറും കുമളിയും കമ്യൂണിസ്റ്റ് തട്ടകമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എം.എം. മണി സിപിഎമ്മില്‍ ഇടംപിടിച്ചു. കുര്യനും സോമനും കൈകൊടുത്ത് സിപിഐയില്‍ നിലകൊണ്ടു. പിളര്‍പ്പുകാലത്ത് സിഐടിയുവും എഐടിയുസിയും വര്ഗവിരോധികളായിരുന്നു.
വിവിധ തോട്ടങ്ങളിലും ഫാക്ടറികളിലും ആധിപത്യം പിടിക്കാന്‍ ഇരു യൂണിയനുകളും ഏറ്റുമുട്ടി. കുത്തും വെട്ടുമുണ്ടായി പൊരിഞ്ഞ പോരാട്ടത്തില്‍ ഇരുപാര്‍ട്ടികളുടെയും അണികള്‍ കൊല്ലപ്പെട്ടു. തോട്ടങ്ങളോടു ചേര്‍ന്ന കൊടിമരങ്ങളും വണ്ടിപ്പെരിയാറ്റിലെയും പീരുമേട്ടിലെയും പാര്‍ട്ടി ഓഫീസുകളും പിടിച്ചെടുക്കാന്‍ അണികള്‍ ആഞ്ഞുപൊരുതി.
സിപിഎമ്മും സിപിഐയും തമ്മില്‍ കാലങ്ങളോളം തുടര്‍ന്ന അടികലാശത്തില് വാഴൂര്‍ സോമന് ഒരുപാട് തല്ലും ചതയും കൊണ്ടിട്ടുണ്ട്. മാസങ്ങളോളം കിടപ്പിലായിട്ടുണ്ട്. കാലപ്രയാണത്തില്‍ സിപിഐയും സിപിഎമ്മും ഒരു മുന്നണിക്കീഴില്‍ ചെങ്കൊടിയുമായി കൈകോര്‍ത്തു.
വൈകിയുണ്ടായ പൊരുത്തത്തില്‍ എം.എം. മണി ഉടുമ്പന്‍ചോല മണ്ഡലം എംഎല്‍എയും മന്ത്രിയുമായി. സിപിഐ നന്നായി വേരോടിയ പീരുമേട്ടില്‍നിന്ന് സി.എ. കുര്യന് എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായി. മുന്‍പ് മുന്തിയ പദവികളൊന്നും കിട്ടാതെ പാര്‍ട്ടിക്കുവേണ്ടി അധ്വാനിച്ച വാഴൂർ സോമന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അറുപത്തിയെട്ടാം വയസില്‍ പീരുമേട്ടില്‍നിന്ന് എംഎല്‍എയായി.
ചെങ്കൊടി പിടിക്കാനും പിടിപ്പിക്കാനും മലകയറിയ സോമന് വണ്ടിപ്പെരിയാറ്റിലെയും പീരുമേട്ടിലെയും പാര്‍ട്ടി ഓഫീസുകളിലും തൊഴിലാളികളും ലയങ്ങളിലും കാലങ്ങളോളം താമസിച്ചു. പിന്നീട് വണ്ടിപ്പെരിയാറ്റില്‍ സ്ഥിരതാമസക്കാരനായപ്പോഴും പേരിനൊപ്പം വാഴൂരിനെ കൈവിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പീരുമേട്ടില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ കോണ്‍ഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വാഴൂര്‍ സോമന് നിയമസഭയിലേക്ക് എത്തിയത്.
കൊടുങ്ങൂരില്‍ സോമന്റെ ജ്യേഷ്ഠസഹോദരനും കുടുംബവും കുടുംബവീടും ഇപ്പോഴുമുണ്ട്. കോട്ടയം, തിരുവനന്തപുരം യാത്രകളുടെ ഇടവേളകളില്‍ സോമന് അര നൂറ്റാണ്ടു പഴകിയ വീടോര്മകളുമായി തറവാട്ടില്‍ എത്താറുണ്ടായിരുന്നു.