വിവാഹിതയായ മകൾക്കും സമാശ്വാസ നിയമനത്തിന് അർഹതയെന്നു ഹൈക്കോടതി
Friday, August 22, 2025 2:15 AM IST
തിരുവനന്തപുരം: വിവാഹിതയായ മകൾ പിതാവിന്റെ സംരക്ഷണയിൽ ആയിരിക്കേ പിതാവ് മരിച്ചാൽ മകൾക്ക് സമാശ്വാസ നിയമനത്തിന് അർഹതയുണ്ടെന്നു ഹൈക്കോടതി.
പാലക്കാട് പാലിശേരി കൃഷിഭവനിൽ പാർട്ട് ടൈം സ്വീപ്പർ ആയിരിക്കേ കോവിഡ് ബാധിച്ച് 2022 ൽ മരിച്ച രാമപ്പണിക്കരുടെ മകൾ എൻ. രാജലക്ഷ്മിക്ക് സമാശ്വാസ നിയമനത്തിനു വേണ്ട ആശ്രിതസാക്ഷ്യപത്രം റവന്യു അധികൃതർ നിഷേധിച്ചതാണ് കേസിന് ആധാരമായത്.
മരണസമയത്ത് മകൾ പിതാവിനോടൊപ്പവും സംരക്ഷണയിലും ആയിരുന്നെങ്കിലും വിദേശത്തുള്ള ഭർത്താവിൽനിന്നും 15,000 രൂപ കൈപ്പറ്റാറുണ്ടായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് റവന്യു അധികൃതർ ആശ്രിതസാക്ഷ്യപത്രം നിഷേധിച്ചത്.
എന്നാൽ ഈ തുക ഭർത്താവിന്റെ വ്യക്തിഗത കടബാധ്യതകൾ തീർക്കാനുള്ള ഗഡുക്കൾ അടച്ചതാണെന്ന് ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് കണ്ടെത്തുകയും 30 ദിവസത്തിനകം ആശ്രിതസാക്ഷ്യപത്രം നൽകണമെന്ന് കേസിലെ നാലാം കക്ഷിയായ പട്ടാന്പി തഹസീൽദാർക്കു നിർദേശം നൽകുകയുമായിരുന്നു.
സമാശ്വാസനിയമനത്തിനു വേണ്ട ആശ്രിതസാക്ഷ്യപത്രത്തിനായി പട്ടാന്പി തഹസീൽദാർക്ക് അപേക്ഷ സമർപ്പിച്ചപ്പോൾ അത് അനുവദിക്കാതിരിക്കുകയും അപ്പീൽ അപേക്ഷ പാലക്കാട് ജില്ലാ കളക്ടർ നിരസിക്കുകയും ചെയ്തതിനാലാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിക്കാരിക്കു വേണ്ടി അഭിഭാഷകരായ ഏബ്രഹാം ജെ. കണിയാംപടി, സംഗീത് മോഹൻ, ജോയിസ് ഏബ്രഹാം, ഫിലിപ് വർഗീസ് തോമസ് എന്നിവർ ഹാജരായി.