സാന്പത്തിക ഇടപാടുകളിലെ പരാതിയിൽ സിപിഎം ഒളിച്ചോടുന്നു: സണ്ണി ജോസഫ്
Thursday, August 21, 2025 2:02 AM IST
തിരുവനന്തപുരം: പാർട്ടി നേതാക്കളുടെ സാന്പത്തിക ഇടപാടുകളെ സംബന്ധിച്ചു പോളിറ്റ്ബ്യൂറോക്കു ലഭിച്ച പരാതി ചോർന്നതിൽ മറുപടി പറയാതെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഒളിച്ചോടുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
സർക്കാർ പദ്ധതിയുടെ തുക വകമാറ്റി ചെലവാക്കിയെന്നതു ഗുരുതരമായ കുറ്റമാണ്. ഇത് അന്വേഷിച്ചു കുറ്റക്കാർക്കെതിരേ നടപടിയെടുക്കണം. പരാതിക്കാരനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇതു സംബന്ധിച്ച ആരോപണം ഒരു സിപിഎം പ്രവർത്തകൻതന്നെയാണ് ഉന്നയിച്ചത്.
പരാതിയുമായി ബന്ധപ്പെട്ട കത്തു ചോർന്നത് എങ്ങനെയെന്നതു സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമാണ്. അത് അവർ പരിഹരിക്കട്ടെ. എന്നാൽ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണം ഗൗരവമുള്ളതാണ്. അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.