വന്യജീവി ആക്രമണം മൂലമുള്ള മരണവും വന്യജീവികളുടെ എണ്ണവും കുറയുന്നതായി വനംവകുപ്പ്
Thursday, August 21, 2025 2:02 AM IST
ജോണ്സണ് വേങ്ങത്തടം
കൊല്ലം: വന്യജീവി ആക്രമണംമൂലമുണ്ടാകുന്ന മരണവും വന്യജീവികളുടെ എണ്ണവും കുറയുന്നതായി രേഖകള്‍ പുറത്തുവിട്ടു വനംവകുപ്പ്.
വന്യജീവി ആക്രമണ നിവാരണത്തിനായി ചര്‍ച്ചയ്ക്കായി പുറത്തുവിട്ട നയസമീപനരേഖയിലാണ് വനംവകുപ്പ് ഇതു വ്യക്തമാക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മരണനിരക്ക് കുറവാണെന്ന വിചിത്രവാദമാണ് വനംവകുപ്പ് നടത്തുന്നത്.
എന്നാല്‍ ഈ നയരേഖയില്‍ തന്നെ 2011 മുതല്‍ 2025വരെയുള്ള വനംവകുപ്പിന്റെ കണക്കുകള്‍ പ്രകാരം കാട്ടാന ആക്രമണത്തില്‍ മാത്രം 285 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടുപന്നികളുടെ ആക്രമണത്തില്‍ 70 പേരെയും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 11 പേരെയും കടുവ 11 പേരെയും മറ്റുമൃഗങ്ങള്‍ 17 പേരെയും കൊലപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇക്കാലയളവില്‍ 394 പേര് കൊല്ലപ്പെട്ടെന്നും വനംവകുപ്പ് സമ്മതിക്കുന്നുണ്ട്.
2023-24 കാലഘട്ടത്തിലും കഴിഞ്ഞവര്‍ഷവും കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണത്തില്‍ മരണസംഖ്യ കൂടുതലായതാണ് ഇത്തരമൊരു വിചിത്രകണക്കുമായി വനംവകുപ്പ് വരാനുള്ള കാരണം. 2011 മുതല്‍ 2025 വരെയുള്ളകാലഘട്ടത്തില് പാമ്പുകടിയേറ്റ് മാത്രം 1114 പേരാണ് മരിച്ചത്.
ശാസ്ത്രീയമായ പഠനങ്ങളിലും നിരീക്ഷണങ്ങളിലും കണക്കെടുപ്പുകളിലും വന്യജീവികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി കാണുന്നില്ലെന്നാണ് കരടുരേഖയില്‍ പറയുന്നത്.
എന്നാല്‍ പ്രാദേശികമായി ചിലയിടങ്ങളില്‍ ചിലയിനങ്ങളില്പ്പെട്ട ജീവികളുടെ എണ്ണത്തില്‍ വര്‍ധനവ് അനുഭവപ്പെടുന്നുണ്ടെന്നും വനംവകുപ്പ് സമ്മതിക്കുന്നു. കാട്ടുപന്നി, നാടന്‍ കുരങ്ങ്, മയില്‍, കുറുക്കന്, മലയണ്ണാന്, മ്ലാവ്, വവ്വാലുകള്‍, പാമ്പുകള്‍ മുതലായ വന്യജീവികളുടെ സാന്നിധ്യം ജനവാസമേഖലകളില്‍ വര്‍ധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 75 നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 273 പഞ്ചായത്തുകള്‍ വന്യജീവി ആക്രമണബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ 30 പഞ്ചായത്തുകളെ ഹോട്സ്പോട്ടുകളായി വിലയിരുത്തിയിട്ടുണ്ട്. 2020-25 വര്‍ഷത്തില്‍ ജീവഹാനി സംഭവിച്ച 478 പേരുടെ ആശ്രിതര്‍ക്കു 2644 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു.
വന്യജീവി ആക്രമണത്തിനൊരു പ്രധാനകാരണം അധിനിവേശ സ്വഭാവമുള്ള സസ്യജാലങ്ങളുടെ വ്യാപനം മൂലം വനങ്ങളിലെ ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെ തകര്‍ച്ചയാണെന്ന് കരടുനയരേഖ വ്യക്തമാക്കുന്നു.
ആനത്തൊട്ടി, തോട്ടപ്പയര്‍ തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ തദ്ദേശീയസസ്യങ്ങളെ ഉന്മൂലനം ചെയ്യുകയും വനത്തിനുള്ളില്‍ തീറ്റയുടെ ലഭ്യത കുറയ്ക്കുകയും ചെയ്തതോടെ തീറ്റ തേടിയാണ് വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നതെന്നാണ് ഇതില്‍ പറയുന്നത്.